ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം, പിടിയിലായവരെ കുട്ടി തിരിച്ചറിഞ്ഞു, മൂന്നുപേരെയും എ.ആർ ക്യാമ്പിലെത്തിച്ചു

Share our post

കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്നുപേരെയും കുട്ടി തിരിച്ചറിഞ്ഞതായി വിവരം. ഇവരുടെ ചിത്രങ്ങൾ കുട്ടിയെ കാണിച്ചിരുന്നു,​ കുട്ടിയുടെ വീട്ടിൽ വച്ചാണ് ചിത്രങ്ങൾ കാണിച്ചത്.അതസമയം കസ്റ്റഡിയിലെടുത്തവരെ പൊലീസ് അടൂർ എ.ആർ. ക്യാമ്പിലെത്തിച്ചു. കസ്റ്റഡിയിലെടുത്ത കാറും എ.ആ‍ർ. ക്യാമ്പിലെത്തിച്ചിട്ടുണ്ട്. എ.ഡി.ജി.പി എം.ആർ. അജിത്ത്‌കുമാർ,​ ഡി.ഐ.ജി ആർ.നിശാന്തിനി,​ ഐ.ജി സ്പർജൻകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

കേരള,​ തമിഴ്‌നാട് അതിർത്തിയിലെ തെങ്കാശിക്ക് സമീപമുള്ള പുളിയറൈയിൽ നിന്നാണ് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചാത്തന്നൂർ സ്വദേശികളായ മൂന്നുപേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഇവർ ദമ്പതികളും മകളുമാണെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടു പോകലിന്റെ പിന്നിലെന്നാണ് പൊലീസ് അറിയിച്ചത്. വിദേശത്ത് പോകാൻ പണം വാങ്ങി തട്ടിച്ചതിലെ പ്രതികാരമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

എന്നാൽ ഇവർക്ക് സംഭവത്തിൽ നേരിട്ട് ബന്ധമുണ്ടോയെന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. ഇവരുടെ ചോദ്യം ചെയ്യൽ പൂർത്തിയായാൽ മാത്രമേ കുറ്റകൃത്യത്തിലെ ഇവരുടെ പങ്ക് വ്യക്തമാകുകയുള്ളൂവെന്നാണ് പൊലീസ് അറിയിക്കുന്നത്.സംഭവം നടന്ന് അഞ്ചാംദിവസമാണ് കൊല്ലത്തെ ഡാൻസാഫ് സംഘം മൂന്നുപേരെ പിടികൂടിയത്. ഇവർ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

ചാത്തന്നൂരിലെ ഇവരുടെ വീടിന് മുന്നിൽ ഒരു സ ്വിഫ്ട് ഡിസയർ കാർ നിറുത്തിയിട്ടിരിക്കുന്ന നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഈ കാറാണോ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ചതെന്നും പരിശോധിക്കും. ഇവരുടെ വീട്ടിലാണോ കുഞ്ഞ് കഴിഞ്ഞതെന്ന വിവരവും പൊലീസ് അന്വേഷിക്കുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!