മണ്ഡലകാല വിപണിയിൽ ഉണർവ് : ആവശ്യക്കാർ കൂടി, മാലയ്ക്ക് ക്ഷാമം

കണ്ണൂർ : ശരണമന്ത്രങ്ങൾ സജീവമായതോടെ മണ്ഡലകാല വിപണിയിൽ ഉണർവിന്റെ ഉൗഴം. ശബരിമല ദർശനത്തിന് ആവശ്യമായ സാധനങ്ങളുടെ വിൽപന കഴിഞ്ഞതവണത്തെ അപേക്ഷിച്ച് ഇത്തവണ കൂടിയതായി വ്യാപാരികൾ പറയുന്നു. മണ്ഡലകാലത്തിന്റെ തുടക്കംമുതൽ വിപണി ഉഷാറാണ്.
തൂവെള്ളനിറത്തിലുള്ള തുളസിമാലയാണ് ഇത്തവണത്തെ പ്രത്യേകത. ചരടിൽ കൊരുത്തതും കാഴ്ചയ്ക്ക് മനോഹരവും നന്നേ ഭാരംകുറഞ്ഞതുമായ മാലയ്ക്ക് 100 രൂപയാണ് വില. ആവശ്യക്കാർ കൂടിയതോടെ ഇൗ മാലയ്ക്ക് വലിയ ക്ഷാമമാണ്. രക്തചന്ദനത്തിൽ തീർത്ത മാലയ്ക്ക് 150 രൂപ വിലയുണ്ട്. 70 രൂപമുതൽ വിലയുള്ളതും വിവിധ നിറത്തിലുള്ള മുത്തുകൾ കൊണ്ട് തീർത്തതുമായ മാലകളും ലഭ്യമാണ്.
തൃശ്ശൂരിന് പുറമെ സേലമുൾപ്പെടെയുള്ള സ്ഥലങ്ങളിൽനിന്നാണ് മാലകൾ ജില്ലയിൽ പ്രധാനമായുമെത്തുന്നത്. 100 രൂപമുതൽ വിലയുള്ള മുണ്ടുകൾ വിൽപനയ്ക്കുണ്ട്. 80 രൂപയ്ക്കും 120 രൂപയ്ക്കും ഇടയിലുള്ള ഷാളുകളാണ് മറ്റൊരിനം.
കെട്ട് നിറയ്ക്കാനുള്ള സാധനങ്ങളടങ്ങിയ കിറ്റ് വിപണിയിൽ ലഭ്യമാണ്. അവിൽ, മലര്, അരി, ഭസ്മം, കുങ്കുമം, കൽക്കണ്ടം, പനിനീർ, ചന്ദനത്തിരി, കർപ്പൂരം തുടങ്ങിയ സാധനങ്ങളടങ്ങുന്ന കിറ്റിന് 140 രൂപയാണ് വില.
പേട്ട തുള്ളുമ്പോൾ അണിയാനുള്ള അലങ്കാര റിബണുകൾ, വാഹനം അണിയിച്ചൊരുക്കാനുള്ള അലങ്കാരവസ്തുക്കൾ, മയിൽപ്പീലി, പായ, വിളക്ക്, ചൂരൽ, തേങ്ങ, വിലപ്പെട്ട വസ്തുക്കളും മൊബൈൽ ഫോണും സൂക്ഷിക്കാനുള്ള പൗച്ചുകൾ തുടങ്ങി വിവിധ സാധനങ്ങൾ ഇത്തരം കടകളിൽനിന്ന് യഥേഷ്ടം തിരഞ്ഞെടുക്കാം.
ദിനേശ് വക ‘സ്വാമി അയ്യപ്പൻ’ കോമ്പോസെറ്റ്
മുണ്ടും ഷർട്ടും തോർത്തുമടങ്ങിയ കോമ്പോ സെറ്റാണ് കേരള ദിനേശിന്റെ വൈവിധ്യവത്കരണ യൂണിറ്റായ ദിനേശ് അപ്പാരൽസ് ഇത്തവണ പുറത്തിറക്കിയിരിക്കുന്നത്. ‘സ്വാമി അയ്യപ്പൻ’ എന്ന പേരിലുള്ള സെറ്റ് ഉത്പന്നങ്ങൾ https://dineshfashion.com എന്ന ലിങ്കിൽ ലഭിക്കും.