വിസി പുനര്‍നിയമനം: ഗവര്‍ണര്‍ സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന് ഇ.പി.ജയരാജന്

കണ്ണൂര്‍: വിസിയുടെ പുനര്‍നിയമനത്തിന് ഗവര്‍ണര്‍ക്ക് ശിപാര്‍ശ നല്കാന് ഉന്നതവിദ്യാഭ്യസമന്ത്രിക്ക് അധികാരമുണ്ടെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്. ചാന്‍സിലറായ ഗവര്‍ണര്‍ക്ക് മന്ത്രി കത്ത് കൊടുത്തതില്‍ തെറ്റില്ലെന്നും ജയരാജന് പ്രതികരിച്ചു.
കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കിയ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജയരാജന്. ബാഹ്യസമ്മര്‍ദത്തിന് വഴങ്ങിയാണ് താന്‍ നിയമനം അംഗീകരിച്ചതെന്ന് ഗവര്‍ണര്‍ പറഞ്ഞത് വ്യാജമാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് അത്തരത്തില്‍ ഇടപെട്ടിട്ടില്ലെന്നാണ് താന്‍ മനസിലാക്കുന്നത്.
മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ ബാഹ്യ ഇടപെടലിന് വിധേയനാകേണ്ട ആളാണോ ഗവര്‍ണര്‍. അദ്ദേഹത്തിന് സ്വന്തമായി ഒരു നിരീക്ഷണമില്ലേ എന്നും ജയരാജന് ചോദിച്ചു. സത്യപ്രതിജ്ഞാലംഘനം നടത്തിയ ഗവര്‍ണര്‍ സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്നും ജയരാജന് പറഞ്ഞു.