ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡ് ലോങ്ങ് ജമ്പ് താരം ഒളിമ്പ്യൻ എം.ശ്രീശങ്കറിന്

പേരാവൂർ : കേരളത്തിലെ മികച്ച കായിക താരത്തിനുള്ള മുപ്പത്തി അഞ്ചാമത് ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡിന് ലോങ്ങ് ജമ്പ് താരം ഒളിമ്പ്യൻ എം .ശ്രീശങ്കർ അർഹനായി. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ജോസ് ജോർജ് ചെയർമാനും, അഞ്ജു ബോബി ജോർജ്, റോബർട്ട് ബോബി ജോർജ്, സെബാസ്റ്റ്യൻ ജോർജ്, സ്റ്റാൻലി ജോർജ് എന്നിവർ അംഗങ്ങളുമായുള്ള കമ്മിറ്റി ആണ് ജേതാവിനെ തെരഞ്ഞെടുത്തത്.
വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ സ്മരണയ്ക്കായി 1989-ൽ ആണ് ഫൗണ്ടേഷൻ അവാർഡ് ഏർപ്പെടുത്തിയത്.2020 ടോക്കിയോ ഒളിംപിക്സിൽ പങ്കെടുത്ത ശ്രീശങ്കർ 2022 ലെ കോമൺവെൽത്ത് ഗെയിംസിൽ വെള്ളിമെഡൽ കരസ്ഥമാക്കിയതോടെയാണ് അന്താരാഷ്‌ട്ര രംഗത്ത് ശ്രദ്ധയാകർഷിച്ചത്.
2023 ലെ ഏഷ്യൻ ഗെയിംസിലും, ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലും വെള്ളിമെഡൽ, പാരീസ് ഡയമണ്ട് ലീഗിൽ വെങ്കലം, 2022 ലും 2023 ലും ഏതൻസിൽ നടന്ന ഇന്റർനാഷണൽ ജമ്പ്സ് മീറ്റിൽ സ്വർണ്ണം – അന്താരാഷ്‌ട്ര രംഗത്ത് ശ്രീശങ്കറിന്റെ നേട്ടങ്ങൾ ഇവയൊക്കെ ആണ്.ഈ വർഷം നടന്ന ഡയമണ്ട് ലീഗിന്റെ ഫൈനലിൽ മത്സരിക്കുകയുണ്ടായി.
കഴിഞ്ഞ രണ്ടു വർഷം ദേശീയ ചാമ്പ്യനായ ശ്രീശങ്കറിന്റെ മികച്ച ദൂരം 8.41 മീറ്റർ. 2023 ൽ ജി വി രാജ അവാർഡ് കരസ്ഥമാക്കി. പിതാവ് എസ്. മുരളി ആണ് പരിശീലകൻ. മാതാവ് ബിജിമോൾ. ഇരുവരും മുൻ രാജ്യാന്തര അത്ലറ്റുകൾ. പാലക്കാട് സ്വദേശിയായ ശ്രീശങ്കർ റിസർവ് ബാങ്കിന്റ തിരുവനന്തപുരം ശാഖയിൽ ഉദ്യോഗസ്ഥനാണ്.ഡിസംബർ രണ്ടിന് പേരാവൂർ ജിമ്മി ജോർജ് സ്പോർട്സ് അക്കാദമിയിൽ അനുസ്മരണ മീറ്റിംഗ് നടക്കും. ഡിസംബർ 22 നു ജിമ്മി ജോർജ് സ്പോർട്സ് അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽ ശ്രീശങ്കറിന് അവാർഡ് സമ്മാനിക്കും.