നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ ലോഗോയില്‍ മാറ്റം: ഇന്ത്യ മാറ്റി ഭാരതാക്കി, അശോകസ്തംഭത്തിന് പകരം ധന്വന്തരി

ന്യൂഡല്‍ഹി: നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ ലോഗോയില്‍ അടിമുടി മാറ്റം. ലോഗോയില്‍ നിന്ന് ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കി. അശോകസ്തംഭം മാറ്റിയ ശേഷം പകരം ഹിന്ദു വിശ്വാസപ്രകാരം പ്രാചീന ആയുര്‍വേദ ആചാര്യനായി കണക്കാക്കുന്ന ധന്വന്തരിയുടെ കളര്‍ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മെഡിക്കല്‍ കമ്മീഷന്റെ വെബ്സൈറ്റിലാണ് പുതിയ ലോഗോ പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരേ സമൂഹമാധ്യമങ്ങളില്‍ അടക്കം വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്. അതേ സമയം ലോഗോ മാറ്റം സംബന്ധിച്ച് മെഡിക്കല്‍ കമ്മീഷന്റെ ഔദ്യോഗിക വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
ഇന്ത്യയുടെ പേര് ഔദ്യോഗികമായി ഭാരത് എന്നാക്കണമെന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ രാജ്യത്ത് സജീവമാകുന്നിതിനിടെയാണ് പുതിയ നീക്കം. പ്രതിപക്ഷ മുന്നണിക്ക് ഇന്ത്യയെന്ന് പേരിട്ടപ്പോള്‍ മുതലാണ് പേര് മാറ്റം സംബന്ധിച്ച് കേന്ദ്രം ചര്‍ച്ച തുടങ്ങിയത്.
ഇന്ത്യ ആതിഥേയരായ ജി 20 ഉച്ചകോടിയില്‍ രാഷ്ട്രപതി ഒരുക്കിയ അത്താഴവിരുന്നിന്റെ ക്ഷണക്കത്തില്‍ ഭാരത് എന്നാണ് അച്ചടിച്ചിരുന്നത്. ജി 20യില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നെയിംപ്ലേറ്റിലും ഭാരത് എന്ന് ആക്കിയിരുന്നു.കേന്ദ്രമന്ത്രിമാര്‍ തങ്ങളുടെ എക്സ് അക്കൗണ്ട് ബയോയിലും ഭാരത് എന്ന് ആക്കിയിട്ടുണ്ട്.