ഡബിള്‍ ഡെക്കര്‍ ബസില്‍ കല്യാണം കഴിക്കാം; ടൂറിസം ആവശ്യത്തിനായി കെ.എസ്.ആര്‍.ടി.സി ഇലക്ട്രിക് ബസുകള്‍ വാങ്ങുന്നു

സാധാരണക്കാരുടെ യാത്രാസ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കിയ കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസത്തിന് മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ പുത്തന്‍ മുന്നേറ്റം. നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള യാത്രകള്‍ ലക്ഷ്യമിട്ട് ഇലക്ട്രിക് ഡബിള്‍ഡെക്കര്‍ ബസുകള്‍ ഡിസംബറില്‍ സംസ്ഥാനത്തെത്തും.
തുടക്കത്തില്‍ രണ്ടു ബസുകളായിരിക്കും തലസ്ഥാനത്തെത്തിക്കുന്നത്. ഇതിനു പിന്നാലെ സ്മാര്‍ട്ട് സിറ്റി പദ്ധതിയിലൂടെ 50 ഇ ബസുകള്‍ കൂടി വാങ്ങാന്‍ ധാരണയായിട്ടുണ്ട്. ഡബിള്‍ഡക്കര്‍ ബസുകളുടെ മുകളിലത്തെ നിലയില്‍ ചെറിയ പാര്‍ട്ടിയും മറ്റ് ആഘോഷങ്ങളും നടത്താനുള്ള സൗകര്യവും ഒരുക്കും.
സംസ്ഥാനത്ത് വിനോദസഞ്ചാരവകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കും ഇത് പ്രയോജനപ്പെടുത്താം. കേന്ദ്രസര്‍ക്കാരിന്റെ സ്മാര്‍ട്ട്സിറ്റി പദ്ധതിയിലൂടെയാണ് ബസുകള്‍ എത്തുന്നത്. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ഡബിള്‍ഡെക്കര്‍ ബസുകള്‍ക്ക് വലിയ സ്വീകാര്യതയാണ്.
ഒറ്റത്തവണ ചാര്‍ജുചെയ്താല്‍ 10 കിലോമീറ്ററിനു മുകളില്‍ യാത്രചെയ്യാം. ഓണ്‍ലൈന്‍ ടൂറിസം പാക്കേജ് ബുക്കിങ് കൂടി അടുത്ത മാസത്തോടെ ആരംഭിക്കാനുള്ള പദ്ധതിയിലാണ് കെ.എസ്.ആര്‍.ടി.സി. രണ്ടു വര്‍ഷം മുന്‍പ് ആരംഭിച്ച ബജറ്റ് ടൂറിസം സെല്‍ ഏഴായിരത്തിലധികം യാത്രകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
മാസങ്ങള്‍ക്കു മുന്‍പു തന്നെ മുന്‍കൂട്ടി പാക്കേജുകളുടെ ബുക്കിങ് പൂര്‍ത്തിയാകുകയാണ്. സംസ്ഥാനത്തെ ചെറുതും വലുതുമായ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് സര്‍വീസ് ഉറപ്പാക്കുന്നുണ്ട്. ബസുകളുടെ കുറവ് ട്രിപ്പുകളെ ബാധിക്കുന്നതായി പലപ്പോഴും പരാതി ഉയരുന്നതാണ് പ്രധാന വെല്ലുവിളി.
ഇത് മറികടക്കാന്‍ പുതിയ ഇ ബസുകള്‍ ഇറക്കാനും ആലോചനയുണ്ട്. വരുമാന ഇനത്തില്‍ ആദ്യ വര്‍ഷം മൂന്നു കോടിയും കഴിഞ്ഞ സാമ്പത്തികവര്‍ഷത്തോടെ 16 കോടിയും പിന്നിട്ടെന്നാണ് കെ.എസ്.ആര്‍.ടി.സി.യുടെ കണക്ക്.
പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ അന്തസ്സംസ്ഥാന യാത്രകള്‍ കൂടി ഉള്‍പ്പെടുത്താനാണ് കെ.എസ്.ആര്‍.ടി.സി. ലക്ഷ്യമിടുന്നത്. ദക്ഷിണേന്ത്യയിലെ വിനോദസഞ്ചാരമേഖലകളിലേക്ക് പ്രത്യേക സര്‍വീസുകള്‍ ക്രമീകരിക്കുന്നതിനുള്ള പ്രാരംഭഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.
തമിഴ്നാട്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങള്‍ക്കായിരിക്കും പ്രഥമ പരിഗണന. ഐ.ആര്‍.സി.ടി.സി.യുമായി ചേര്‍ന്ന് രാജ്യത്തെ മുഴുവന്‍ വിനോദസഞ്ചാരമേഖലകളെയും കോര്‍ത്തിണക്കുന്ന രീതിയില്‍ പ്രത്യേക പാക്കേജുകള്‍ നടപ്പാക്കുന്നതിനുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ്.