രാഹുൽ ഗാന്ധി ഡിസംബർ ഒന്നിന് കണ്ണൂരിൽ : ടി.പത്മനാഭന് പ്രഥമ പ്രിയദർശിനി സാഹിത്യ പുരസ്കാരം സമ്മാനിക്കും
കണ്ണൂർ: ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം വയനാട് എംപിയും കോൺഗ്രസ് ദേശീയ നേതാവുമായ രാഹുൽ ഗാന്ധി കണ്ണൂരിൽ . വി.വി.ഐ.പി സന്ദർശനം പ്രമാണിച്ചു വൻ സുരക്ഷയാണ് ജില്ലാ പൊലീസ് ഏർപ്പെടുത്തിയിട്ടുള്ളത്.
കെ.പി.സി.സി ഏർപ്പെടുത്തിയ പ്രഥമപ്രിയദർശിനി സാഹിത്യപുരസ്കാരം സമ്മാനിക്കുന്നതിനാണ് മുൻ കോൺഗ്രസ്സ് ദേശീയപ്രസിഡന്റ് കൂടിയായരാഹുൽ ഗാന്ധി കണ്ണൂരിലെത്തുന്നത്.രാഹുൽ ഗാന്ധിയുടെസന്ദർശനം സംബന്ധിച്ച് ഒരുക്കങ്ങൾ പൂർത്തിയായതായി ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്,കെ.പി.സി.സി ജനറൽ സെക്രെട്ടറി അഡ്വ പഴകുളം മധു എന്നിവർ കണ്ണൂർ ഡി.സി.സി ഓഫീസിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഡിസംബർ ഒന്നിന് രാവിലെ 9 മണിക്കാണ് അവാർഡ് ദാന സമ്മേളനം സാധു കല്യാണ മണ്ഡപത്തിൽ. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം പി സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും. അവാർഡ് ജേതാവ് ടി പത്മനാഭൻ, എ. ഐ. സി. സി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ എം. പി, പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ, വിശ്രുത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ,എഴുത്തുകാർ , സാംസ്കാരിക നായകർ എന്നിവർ പങ്കെടുക്കും.
ക്ഷണിക്കപ്പെട്ടവർക്ക് പ്രത്യേക ഇരിപ്പടം തയാറാക്കിയിട്ടുണ്ട്.സാധു കല്യാണമാണ്ഡപത്തിലെ മെയിൻ ഹാളിന് പുറമെ ഡൈനിങ് ഹാളിലും,പുറത്ത് പന്തൽ കെട്ടിയും എൽ. ഇ. ഡി സ്ക്രീനിൽ കൂടി പരിപാടി കാണുന്നതിന് സൗകര്യം തയാറാക്കിയിട്ടുണ്ട്.
30 ന് രാത്രി എട്ടുമണിക്കാണ് രാഹുൽ ഗാന്ധി കണ്ണൂരിൽ എത്തിച്ചേരുന്നത്. കണ്ണൂർ വിമാന താവളത്തിലെത്തി ചേരുന്ന രാഹുൽ ഗാന്ധിയെ കോൺഗ്രസ് സംസ്ഥാന ജില്ലാ നേതാക്കൾ സ്വീകരിക്കും.ഡിസംബർ ഒന്നിന് രാവിലെ ഒൻപതു മണിക്ക് സമ്മേളനം ആരംഭിക്കും.
പരിപാടിയിൽപങ്കെടുക്കുന്നവർ രാവിലെ 8.30 മുൻപായി ഹാളിനുള്ളിൽ പ്രവേശിക്കേണ്ടതാണെന്ന് ഡി.സി.സി. അധ്യക്ഷൻ മാർട്ടിൻ ജോർജ് അറിയിച്ചു. രാവിലെ പതിനൊന്നു മണിക്ക് കൊച്ചിയിൽ മറ്റൊരു പരിപാടിയിൽ പങ്കെടുക്കേണ്ടതിനാൽ ഒരു മണിക്കൂർ നീളുന്ന പരിപാടികളാണ് കണ്ണൂരിൽ ആസൂത്രണം ചെയ്തിരിക്കുന്നതെന്നാണ് സംഘാടകർ നൽകുന്ന വിവരം.