പേരാവൂർ താലൂക്കാസ്പത്രി ; ബഹുനില കെട്ടിട നിർമാണ ടെൻഡറിന് അംഗീകാരമായില്ല

പേരാവൂർ : ആരോഗ്യമന്ത്രിയുടെ രണ്ടാമത്തെ പ്രഖ്യാപനവും പാഴ്‌വാക്കായി, പേരാവൂർ താലൂക്ക് ആസ്പത്രി ബഹുനില കെട്ടിട നിർമാണത്തിന്റെ ടെൻഡർ ഇപ്പോഴും ചുവപ്പുനാടയിൽതന്നെ. ഈ വർഷം ജൂലായിയിൽ ആസ്പത്രിയിലെത്തിയ മന്ത്രി വീണാ ജോർജ്, കെട്ടിട നിർമാണം ഉടൻ തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല.
ആർദ്രം ആരോഗ്യം പരിപാടിയുടെ ഭാഗമായി കഴിഞ്ഞമാസം ആസ്പത്രി സന്ദർശിച്ച മന്ത്രി നവംബറിൽ കെട്ടിടനിർമാണം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചാണ് മടങ്ങിയത്. എന്നാൽ, ഒന്നാംഘട്ട നിർമാണത്തിന്റെ ടെൻഡർ നടപടി പൂർത്തിയാക്കിയിട്ടും സർക്കാരിന്റെ അനുമതി കിട്ടാത്തതിനാൽ നിർമാണം അനിശ്ചിതമായി നീളുകയാണ്. വിവിധ കാരണങ്ങളാൽ ഒന്നും രണ്ടും മൂന്നും നാലും തവണ മാറ്റിവെച്ച ടെൻഡർ അഞ്ചാം തവണയാണ് പൂർത്തീകരിക്കാൻ നിർമാണ ഏജൻസിയായ വാപ്‌കോസിന് കഴിഞ്ഞത്.
34 കോടിയുടെ ടെൻഡർ 40.65 കോടി രൂപയ്ക്കാണ് സംസ്ഥാനത്തെ പ്രമുഖ കരാറുകാരന് ലഭിച്ചത്. എന്നാൽ ടെൻഡർ തുകയെക്കാൾ 6.65 കോടി രൂപ അധികമായതിനാൽ സർക്കാരിന്റെ അനുമതി ലഭിച്ചാൽ മാത്രമേ തുടർ നടപടികൾ സ്വീകരിക്കാൻ നിർമാണ കമ്പനിക്ക് സാധിക്കൂ. നവംബർ ആദ്യ വാരം തന്നെ സർക്കാരിന്റെ അനുമതിക്കായി രേഖകൾ സമർപ്പിച്ചെങ്കിലും മാസം ഒന്നാകാറായിട്ടും സർക്കാർ അനുമതി നല്കിയിട്ടില്ല. നവകേരള സദസ്സുമായി മന്ത്രിമാർ സെക്രട്ടേറിയറ്റിലില്ലാത്ത സാഹചര്യത്തിൽ അനുമതി ലഭിക്കാൻ ഇനിയും ഏറെ നാളുകളെടുക്കും.
ശിലയിട്ടത് 2021-ൽ
ഫെബ്രുവരി രണ്ടിന് അന്നത്തെ മന്ത്രി കെ.കെ. ശൈലജയാണ് കെട്ടിടത്തിന് ശിലയിട്ടത്. ബഹുനില കെട്ടിടം നിർമിക്കുന്നതിനായി ആസ്പത്രിയുടെ ഒ.പി., ഐ.പി., പ്രസവ വാർഡ്, ഓഫീസ് എന്നിവ അടങ്ങുന്ന നാലു കെട്ടിടങ്ങൾ പൊളിച്ചുനീക്കുകയും ചെയ്തു. ഉള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കിയതിനാൽ പരിമിത സൗകര്യങ്ങളിലാണ് നിലവിൽ ആസ്പത്രി പ്രവർത്തിക്കുന്നതും.
നിർമാണം മുടങ്ങിയത് സ്റ്റേ വാങ്ങിയതിനാൽ
ഇതിനിടെ ആസ്പത്രിക്ക് സമീപത്തുള്ള ചിലർ ബഹുനില കെട്ടിടത്തിന്റെ രൂപരേഖയ്ക്കെതിരേ ഹൈക്കോടതിയെ സമീപിക്കുകയും സ്റ്റേ വാങ്ങുകയും ചെയ്തു. ഇതോടെ, കെട്ടിട നിർമാണം മുടങ്ങി. സ്റ്റേ നീക്കാൻ എച്ച്.എം.സി.യോ ആസ്പത്രി ഭരിക്കുന്ന പേരാവൂർ ബ്ലോക്ക് പഞ്ചായത്തോ കാര്യമായ ഇടപെടലുകൾ നടത്താതായതോടെ പൊതുപ്രവർത്തകൻ കേസിൽ കക്ഷിചേർന്ന് സ്റ്റേ നീക്കാനാവശ്യമായ രേഖകൾ കോടതിയിൽ സമർപ്പിച്ചു.
കേസിൽ വിശദമായ വാദംകേട്ട ഹൈക്കോടതി ആസ്പത്രി രൂപരേഖയ്ക്കെതിരേ നിലനിന്നിരുന്ന താത്കാലിക സ്റ്റേ നീക്കുകയും ചെയ്തു.