എലിപ്പനിയും ഡങ്കിപ്പനിയും ജില്ലയിൽ വ്യാപകമാകുന്നു; ഈ വർഷം മരണപ്പെട്ടത് 12 പേർ

Share our post

കണ്ണൂർ: പകർച്ചവ്യാധി രോഗങ്ങളായ എലിപ്പനിയും ഡങ്കിപ്പനിയും ജില്ലയിൽ വ്യാപകമാകുന്നു. ഈ വർഷം എലിപ്പനി ബാധിച്ച് എട്ട് പേരും ഡെങ്കിപ്പനി ബാധിച്ച് നാല് പേരും മരണപ്പെട്ടു. നവംബർ 24 വരെയുള്ള കണക്ക് പ്രകാരം 260 സ്ഥിരീകരിക്കപ്പെട്ട ഡെങ്കിപ്പനി കേസുകളും 1155 സംശയാസ്പദ ഡെങ്കിപ്പനി കേസുകളുമാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ഈ കാലയളവിൽ സ്ഥിരീകരിക്കപ്പെട്ട എലിപ്പനി കേസുകളുടെ എണ്ണം 55 ആണ്. 77 സംശയാസ്പദ എലിപ്പനി കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അടിക്കടിയുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനം രോഗവ്യാപന സാദ്ധ്യത വർദ്ധിപ്പിക്കുമെന്നതിനാൽ പൊതുജനങ്ങൾ കർശനമായ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു.

ഡെങ്കിപ്പനി

ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. പകൽ സമയത്താണ് ഇവ മനുഷ്യരെ കൂടുതലായി കടിക്കുന്നത്. ഡെങ്കിപ്പനിക്കെതിരെ മരുന്നുകളോ വാക്‌സിനുകളോ ലഭ്യമല്ല. ഡെങ്കി വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ അഞ്ച് മുതൽ എട്ട് ദിവസം എടുത്താണ് രോഗം പുറത്തേക്ക് വരുന്നത്. അതിതീവ്രമായ പനി (104 ഡിഗ്രി വരെ), കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിൽ വേദന, കടുത്ത ശരീരവേദന, തൊലിപ്പുറത്ത് ചുവന്ന പാടുകൾ, ഛർദ്ദിയും ഒക്കാനാവും എന്നിവയാണ് ലക്ഷണങ്ങൾ.

ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം

1)​ വീടിനുള്ളിലും പരിസരങ്ങളിലുമുള്ള കൊതുക് പ്രജനന ഉറവിടങ്ങൾ ആഴ്ചയിലൊരിക്കൽ നീക്കം ചെയ്യുക.

2)​ സ്‌കൂളുകളിൽ വെള്ളിയാഴ്ചയും സ്ഥാപനങ്ങളിൽ ശനിയാഴ്ചയും വീടുകളിൽ ഞായറാഴ്ചയും ഡ്രൈ ഡേ ആചരിക്കുക.

3)​ രോഗം ബാധിച്ചവർ കൊതുകു വല ഉപയോഗിക്കുക.

4)​ പൂർണവിശ്രമം എടുക്കുക,​ ധാരാളം വെള്ളം കുടിക്കുക.

എലിപ്പനി

ലെപ്‌റ്റോസ്‌പൈറ എന്ന ബാക്ടീരിയയാണ് രോഗമുണ്ടാക്കുന്നത്. എലിയുടെ വൃക്കകളിൽ വളർന്ന് പെരുകുന്ന ബാക്ടീരിയ ഇവയുടെ മൂത്രത്തിലൂടെ വിസർജിക്കുന്നു. ഒരു തുള്ളി എലിമൂത്രത്തിൽ കോടിക്കണക്കിന് ബാക്ടീരിയകളുണ്ടാകും. എലി, നായ,​ അണ്ണാൻ,​ കന്നുകാലികൾ, മറ്റ് വളർത്തുമൃഗങ്ങൾ എന്നിവയുടെ വിസർജ്യത്തിലൂടെയും മലിനമായ വെള്ളം, മണ്ണ് എന്നിവയിലൂടെയാണ് രോഗം പകരുന്നത്. പേശി വേദന, പനി, തലവേദന, കണ്ണിനു പുറകിൽ വേദന, ചുവപ്പ്, മഞ്ഞപ്പിത്ത ലക്ഷണങ്ങൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം

1)​ രോഗസംക്രമണ സാദ്ധ്യത കൂടുതലുള്ള ആളുകൾ ഡോക്‌സിസൈക്ലിൻ പ്രതിരോധ ഗുളികകൾ അടുത്തുള്ള ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നുള്ള ഡോക്ടറുടെ നിർദ്ദേശപ്രകാരം മുഴുവൻ ഡോസുകളും കഴിക്കണം.

2)​ ചെളിയിലും പറമ്പിലും ജോലി ചെയ്യുന്നവർ,​ കന്നുകാലികൾ, മറ്റ് വളർത്തു മൃഗങ്ങൾ എന്നിവയെ പരിചരിക്കുന്നവർ കൈയുറ, ഗംബുട്ട് എന്നിവ ധരിക്കണം.

3)​ രോഗലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം വൈദ്യസഹായം തേടുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!