ആൽബർട്ടിന്റെ ആത്മഹത്യ; കർഷക സംഘം ജില്ലാ സെക്രട്ടറി പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം: സണ്ണി ജോസഫ് എം.എൽ.എ

പേരാവൂർ: കൊളക്കാട്ടെ അറിയപ്പെടുന്ന ക്ഷീരകർഷകൻ എം.ആർ.ആൽബർട്ടിന്റെ ആത്മഹത്യ കർഷക ആത്മഹത്യയിൽ പെടില്ലെന്ന കർഷക സംഘം ജില്ലാ സെക്രട്ടറി എം.പ്രകാശന്റെ പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്ന് സണ്ണി ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. അയ്യൻകുന്നിലെ സുബ്രഹ്മണ്യൻ എന്ന കർഷകന്റെ മരണവും കാർഷിക കാരണങ്ങൾ മൂലമല്ലെന്നുള്ള ജില്ലാ സെക്രട്ടറിയുടെ കണ്ടെത്തലും സത്യവിരുദ്ധമാണ്.
എം.ആർ ആൽബർട്ടിന്റെ ആത്മഹത്യാക്കുറിപ്പിലെ വാചകങ്ങൾ ബാങ്ക് വായ്പയെക്കുറിച്ചും പെൻഷൻ ലഭിക്കാത്തതിനെക്കുറിച്ചുമാണ്.കേരള ബാങ്ക് പേരാവൂർ ശാഖയിൽ നിന്നുള്ള നോട്ടീസിന്റെ പിൻ വശത്താണ് ആൽബർട്ട് ആത്മഹത്യക്കുറിപ്പ് എഴുതിയത്. പശുവിനെ വളർത്തുന്നതിന് വായ്പ വാങ്ങി തിരിച്ചടവ് മുടങ്ങിയതിനാൽ ജപ്തി നോട്ടീസ് രണ്ടു വട്ടം ലഭിച്ചിരുന്ന അദ്ദേഹത്തിന്റെ മരണം മറ്റെന്ത് കാരണത്താലാണെന്ന് സി.പി.എം നേതാക്കൾ വ്യക്തമാക്കണം.
സർക്കാർ പ്രതിക്കൂട്ടിൽ നിൽക്കുമ്പോൾ കർഷകന്റെ കണ്ണീരു കാണുവാൻ കഴിയാതെ അവരുടെ മരണങ്ങളെയും വേദനകളെയും തള്ളിപ്പറയുന്ന സി.പി.എം നേതൃത്വത്തിന്റെ കപട മുഖം ജനങ്ങൾ തിരിച്ചറിയണം. കാർഷിക പ്രശ്‌നങ്ങൾ മൂലം മരണപ്പെട്ട ആൽബർട്ടിന്റെയും സുബ്രഹ്മണ്യന്റെയും കുടുംബങ്ങൾക്ക് മതിയായ സഹായം നൽകാൻ സർക്കാർ തയ്യാറാകണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.പത്രസമ്മേളനത്തിൽ ജൂബിലി ചാക്കോ, ബൈജു വർഗീസ്, സുദീപ് ജെയിംസ്, ലിസി ജോസഫ്, ചാക്കോ തൈക്കുന്നേൽ, സുരേഷ് ചാലാറത്ത്, ഗിരീഷ് കുമാർ എന്നിവർ സംബന്ധിച്ചു.