കാറുകളുടെ വില കൂടൂം, ജനുവരി മുതൽ വർധനവ്

Share our post

2024 മുതല്‍ ഇന്ത്യയില്‍ മാരുതി കാറുകളുടെ വില കൂടും. മാരുതി തന്നെയാണ് തങ്ങളുടെ കാറുകളുടെ വിലയില്‍ വര്‍ധനവുണ്ടാവുമെന്ന വിവരം അറിയിച്ചിരിക്കുന്നത്. പണപ്പെരുപ്പത്തിനൊപ്പം നിര്‍മാണ സാമഗ്രികള്‍ക്കുണ്ടായ വിലവര്‍ധനവും വിലവര്‍ധനവിന് പിന്നിലുണ്ടെന്ന് കരുതപ്പെടുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നിനും മാരുതി സുസുക്കി തങ്ങളുടെ കാറുകളുടെ വിലയില്‍ വര്‍ധനവ് വരുത്തിയിരുന്നു.

മാരുതിയെ കൂടാതെ വര്‍ഷത്തിന്റെ അവസാന മാസങ്ങളില്‍ പല വാഹന കമ്പനികളും വില വര്‍ധനവ് പ്രഖ്യാപിക്കാറുണ്ട്. പുതിയ വര്‍ഷം മുതല്‍ വില വര്‍ധനവ് നിലവില്‍ വരികയും ചെയ്യും. ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡിയും ഇന്ത്യയില്‍ കാറുകളുടെ വില വര്‍ധിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. അടുത്ത വര്‍ഷം ജനുവരി മുതല്‍ ഔഡിയുടെ കാറുകളുടെ വിലയില്‍ രണ്ടു ശതമാനം വര്‍ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മഹീന്ദ്രയും ടാറ്റയും മെഴ്സിഡീസ് ബെൻസും കാറുകളുടെ വില കൂട്ടും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മാരുതി സുസുക്കിയുടെ ഓരോ മോഡലുകളുടേയും വിലയില്‍ എത്രത്തോളം വര്‍ധനവുണ്ടാവുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിനെ അറിയിച്ച വിവരങ്ങളില്‍ നിന്നാണ് മാരുതി സുസുക്കി വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുന്ന വിവരം പുറത്തായത്. ‘ നിര്‍മാണ സാമഗ്രികളുടെ വിലവര്‍ധനവിനൊപ്പം പണപ്പെരുപ്പവും മൂലം മാരുതി കാറുകളുടെ വില ജനുവരി 2024 മുതല്‍ വര്‍ധിപ്പിക്കും. വില വര്‍ധനവിനെ പരമാവധി കുറക്കാന്‍ കമ്പനി ശ്രമിക്കുന്നുണ്ട്. എങ്കിലും ചെറിയ തോതിലെങ്കിലും വിലവര്‍ധനവ് ഒഴിവാക്കാനാവില്ല’ എന്നാണ് ഓഹരിവിപണിയെ മാരുതി സുസുക്കി അറിയിച്ചിരിക്കുന്നത്.

എന്‍ട്രി ലെവല്‍ ഓള്‍ട്ടോ മുതല്‍ മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിളായ ഇന്‍വിക്‌റ്റോ വരെ മാരുതി ഇന്ത്യയില്‍ ഇറക്കുന്നുണ്ട്. 3.54 ലക്ഷം രൂപ മുതല്‍ 28.42 ലക്ഷം രൂപ വരെ വിലയുള്ള കാറുകള്‍ ഇതില്‍ പെടും. മാരുതിയുടെ അരീന നെക്‌സ ഷോറൂമുകള്‍ വഴി 17 മോഡലുകളാണ് വില്‍ക്കുന്നത്. മാരുതി ഓള്‍ട്ടോ കെ10, എസ്പ്രസോ, ഈകോ, സെലേറിയോ, വാഗണ്‍ ആര്‍, സ്വിഫ്റ്റ്, എര്‍ട്ടിഗ, ബ്രസ എന്നിവയാണ് അരീന ഷോറൂമുകള്‍ വഴി വില്‍ക്കുന്നത്. ഇഗ്നിസ്, ബലേനോ, ഫ്രോങ്ക്‌സ്,സിയാസ്, എക്‌സ്എല്‍6, ജിമ്‌നി, ഗ്രാന്‍ഡ് വിറ്റാര, ഇന്‍വിക്‌റ്റോ എന്നിവയാണ് നെക്‌സ മോഡലുകള്‍.

കഴിഞ്ഞ ഏപ്രിലിലാണ് മാരുതി അവസാനമായി കാറുകളുടെ വില വര്‍ധിപ്പിച്ചത്. കാറുകളുടെ വിലയില്‍ 1.1% വര്‍ധനവുണ്ടാവുമെന്ന് 2023 ജനുവരിയില്‍ തന്നെ മാരുതി അറിയിച്ചിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് മാരുതി സുസുക്കി ഇന്ത്യ അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വില്‍പനയിലെത്തിയത്. 1,99,217 കാറുകളാണ് മാരുതി സുസുക്കി വിറ്റത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 19ശതമാനത്തിന്റെ വില്‍പന വളര്‍ച്ചയും കമ്പനി രേഖപ്പെടുത്തി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!