ബാങ്ക് ഉദ്യോഗസ്ഥനെ ഹണിട്രാപ്പിൽപ്പെടുത്തിയ സംഭവം; രണ്ടാം പ്രതി അറസ്റ്റിൽ
കണ്ണൂർ: നഗരത്തിൽ സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനെ പട്ടാപ്പകൽ ഹണിട്രാപ്പിൽപ്പെടുത്തി പണവും കമ്പ്യൂട്ടർ അനുബന്ധ സാമഗ്രികളും കൊള്ളയടിച്ച സംഭവത്തിൽ രണ്ടാം പ്രതിയും അറസ്റ്റിൽ. ആനക്കുളത്തെ നിജേഷി (30)നെയാണ് കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.
ഒന്നാം പ്രതി വാരം പഞ്ചായത്ത് കിണറിന് സമീപത്തെ പി.ശ്യാംസുന്ദറി (40)നെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാങ്കിൽ ഒരു അക്കൗണ്ട് തുറക്കാൻ താത്പര്യമുണ്ടെന്നും ബാങ്കിൽ വരാൻ കഴിയാത്ത സാഹചര്യമാണെന്നും ഫോണിൽ ഇവർ ഉദ്യോഗസ്ഥനെ അറിയിക്കുകയായിരുന്നു.
അക്കൗണ്ട് തുറക്കാൻ ആവശ്യമായ ടാബും സ്‌കാനറും എടുത്ത് മക്കാനിക്കടുത്ത ക്വാർട്ടേഴ്‌സിലെത്തിയ ഉദ്യോഗസ്ഥനെ വൈകുന്നേരം അഞ്ചുവരെ തടങ്കലിൽ ആക്കിയാണ് അരലക്ഷം രൂപയും അക്കൗണ്ട് ഓപ്പണിംഗ് ടാബ്, ബയോമെട്രിക് സ്‌കാനർ എന്നിവ തട്ടിയെടുത്തത്. ഭീഷണിപ്പെടുത്തി യുവതിക്കൊപ്പം നിർത്തി നഗ്‌നഫോട്ടോ എടുപ്പിച്ച് ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്തു. ഒരു യുവതി കൂടി ഇനി അറസ്റ്റിലാകാനുണ്ട്.