മണ്ഡലകാലത്ത് മല ചവിട്ടുന്ന ഭക്തന്മാർക്ക് പ്രകാശപാതയൊരുക്കി കെ.എസ്.ഇ.ബി

ശബരിമല : മണ്ഡലകാലത്ത് മല ചവിട്ടുന്ന ഭക്തന്മാർക്ക് പ്രകാശപൂരിതമായ പാത ഒരുക്കി കെ.എസ്.ഇ.ബി. സന്നിധാനം മുതൽ മരക്കൂട്ടം ചന്ദ്രാനന്ദൻ റോഡ് വരെ കൂടുതൽ വൈദ്യുതി വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇഴജന്തുക്കളുടെയും വന്യമൃഗങ്ങളുടേയും ആക്രമണം ഉണ്ടാവാതി രിക്കാനുള്ള മുൻകരുതലായിട്ടാണിത്. നിലവിൽ പമ്പയിൽ നിന്ന് സന്നിധാനം വരെയും വിളക്കുകൾ ഉണ്ട്. ഇത് ഭക്തർക്ക് നേരം വൈകിയും അതിരാവിലെയും ഉള്ള മല കയറ്റവും ഇറക്കവും സുഗമമാക്കുന്നു.
24 മണിക്കൂറും സുസജ്ജമായ ടീം ആണ് വൈദ്യുതി തടസ്സം കൂടാതെ നൽകുന്നതിന് പ്രവർത്തിക്കുന്നത്. വൈദ്യുതി വിതരണത്തിൽ ചെറിയ പരാതി ഉയർന്നാലും ഉടനടി പരിഹരിക്കാൻ ഇതുവഴി കഴിയും. ഇതുവരെയും യാതൊരു തടസ്സവും ഇല്ലാത്ത വൈദ്യുതി വിതരണം നടത്തുവാൻ കഴിഞ്ഞു. 11കെ വി ലൈൻ ആയാലും മറ്റു ചെറിയ ലൈനുകളിൽ ആയാലും പ്രശ്നങ്ങൾ ഒന്നും നേരിട്ടിട്ടില്ലെന്നും അധികൃതർ അറിയിച്ചു.