അനധികൃത രൂപമാറ്റവും ലേസര്‍ ലൈറ്റും; ഓരോ നിയമലംഘനത്തിനും 5000 രൂപ വീതം പിഴ

അനധികൃതമായി രൂപമാറ്റം വരുത്തി, ലേസർ ലൈറ്റുൾപ്പെടെ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരേ കർശനനടപടി സ്വീകരിക്കാൻ മോട്ടോർവാഹനവകുപ്പ്. ശബരിമല തീർഥാടന കാലത്ത് അപകടം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായാണിത്. ഇതുസംബന്ധിച്ച് ആർ.ടി.ഒ.മാർക്കും ജോയൻ്റ് ആർ.ടി.ഒ.മാർക്കും ട്രാൻസ്പോർട്ട് കമ്മിഷണർ നിർദേശം നൽകി. നടപടിയെടുത്തശേഷം റിപ്പോർട്ട് സമർപ്പിക്കാനും ട്രാൻസ്പോർട്ട് കമ്മിഷണറുടെ നിർദേശമുണ്ട്.
രൂപമാറ്റംവരുത്തുന്ന വാഹനങ്ങൾക്കെതിരേ നടപടിയെടുക്കാൻ പലതവണ ഹൈക്കോടതി നിർദേശിച്ചിരുന്നു. എന്നാൽ, അതിൽ വീഴ്‌ചവരുത്തിയതിനാൽ ശബരിമല മണ്ഡലകാലത്ത് കൂടുതൽ ശ്രദ്ധിക്കാൻ ഹൈക്കോടതി വീണ്ടും നിർദേശിച്ചതിനെ തുടർന്നാണ് മോട്ടോർവാഹനവകുപ്പ് നടപടി കർശനമാക്കുന്നത്.
കമ്പനി നിർമിച്ചു നൽകിയതിനുപുറമേ, ഡ്രൈവറുടെ കാഴ്‌ച മറയ്ക്കുംവിധം വാഹനത്തിനുള്ളിലും പുറത്തുമുള്ള ലൈറ്റുകളും മറ്റും രൂപമാറ്റം വരുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കും. അങ്ങനെയുണ്ടെങ്കിൽ ഒരോ രൂപമാറ്റത്തിനും 5000 രൂപ പിഴ ചുമത്താനാണ് കോടതിയുടെ നിർദേശം.
വാഹനത്തിന്റെ ഉടമയോ, ഡ്രൈവറോ ആണ് പിഴയടയ്ക്കേണ്ടത്. ശബരിമല സ്പെഷ്യൽ കമ്മിഷൻ കേരള ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രൂപമാറ്റംവരുത്തി അപകടമുണ്ടാക്കിയ വാഹനങ്ങൾക്കെതിരേ നടപടി സ്വീകരിക്കാൻ ഒന്നിലേറെത്തവണ മോട്ടോർ വാഹനവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതുവരെ പാലിക്കാത്തതിനാൽ ഒക്ടോബറിൽ വീണ്ടും ഹൈക്കോടതി നിർദേശിക്കുകയായിരുന്നു.
പരിശോധിക്കാന്‍ നേരത്തേ നിര്‍ദേശമുണ്ടായിട്ടും ആര്‍.ടി.ഒ.മാരും ജോയന്റ് ആര്‍.ടി.ഒ.മാരും പരിശോധനനടത്താത്തതില്‍ വ്യാപകമായ ആക്ഷേപമുണ്ട്. രാത്രികാലങ്ങളിലാണ് ഇത്തരത്തില്‍ ലൈറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ കണ്ടെത്താന്‍ സാധിക്കുക. എന്നാല്‍, എ.എം.വി.ഐ., എം.വി.ഐ. ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഇത്തരത്തിൽ വാഹനങ്ങളിൽ രൂപമാറ്റംവരുത്തി സർവീസ് നടത്തിയാൽ നടപടിയെടുക്കുമെന്ന് തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ട്രാൻസ്പോർട്ട് കമ്മിഷണർമാർക്ക് അറിയിപ്പ് നൽകാനും മോട്ടോർ വാഹനവകുപ്പിന് നിർദേശം ലഭിച്ചിട്ടുണ്ട്. ശബരിമലയിലേക്ക് മണ്ഡലകാലത്ത് ഒട്ടേറെ വാഹനങ്ങൾ മറ്റുസംസ്ഥാനങ്ങളിൽനിന്ന് എത്തുന്നതിനാലാണിത്.
ഹൈക്കോടതിയുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ശബരിമലയ്ക്കെത്തുന്ന അയ്യപ്പന്മാരെ ബോധവത്കരിക്കുന്നുണ്ടെന്നും രൂപമാറ്റം വരുത്തിയെത്തുന്ന വാഹനങ്ങളുടെ ഉടമകൾ അവ അഴിച്ചുമാറ്റി സഹകരിക്കുന്നുണ്ടെന്നും ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ കെ. ജോഷി പറഞ്ഞു.