റിവർ ക്രൂസ് പദ്ധതി ബോട്ട് ടെർമിനലുകൾ പ്രത്യേക ടൂറിസം കേന്ദ്രങ്ങളാക്കും

കണ്ണൂർ : മലനാട് റിവർ ക്രൂസ് പദ്ധതിയുടെ ഭാഗമായി നിർമാണം പൂർത്തിയാക്കിയ ബോട്ട് ടെർമിനലുകളെയും ജെട്ടികളെയും പ്രത്യേക ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുന്നു. ഹൗസ് ബോട്ടുകൾ, വാട്ടർ സ്പോർട്സ് സംവിധാനങ്ങൾ, തദ്ദേശീയമായ ഉൽപന്നങ്ങളുടെ വിപണന കേന്ദ്രങ്ങൾ, ഭക്ഷണശാലകൾ തുടങ്ങി ഓരോ കേന്ദ്രത്തിനും അനുയോജ്യമായ സൗകര്യങ്ങൾ ഒരുക്കി സഞ്ചാരികളെ ആകർഷിക്കുകയാണ് ലക്ഷ്യം.
ഹോം സ്റ്റേകൾ നടത്താൻ താൽപര്യമുള്ളവർക്ക് അനുമതി ലഭ്യമാക്കും. ഹോട്ടലുകൾ ഉൾപ്പെടെയുള്ളവ തുടങ്ങാൻ ഭൂമി വിട്ടുനൽകാൻ കഴിയുന്നവരുണ്ടെങ്കിൽ ഇവിടേക്ക് സംരംഭകരെ കൊണ്ടുവരുന്ന കാര്യവും പരിഗണിക്കും. ഓരോ കേന്ദ്രങ്ങളുടെയും വികസന സാധ്യതകൾ വിശദമായി ചർച്ച ചെയ്യാനും നിക്ഷേപം ആകർഷിക്കാനും എം.എൽ.എമാരുടെ നേതൃത്വത്തിൽ പ്രീ ബിഡ് ഇൻവെസ്റ്റേഴ്സ് മീറ്റുകൾ നടത്തും. സഹകരണ മേഖലയുടെ പിന്തുണയും തേടും.
ക്രൂസ് പദ്ധതിയിൽ നിർമാണം പൂർത്തിയാക്കിയ ബോട്ട് ടെർമിനലുകളുടെയും ജെട്ടികളുടെയും നടത്തിപ്പിനും വികസനത്തിനും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി.ടി.പി.സി) ക്വട്ടേഷൻ ക്ഷണിച്ചിട്ടുണ്ട്. പട്ടുവം മംഗലശ്ശേരി, മുതുകുട, തെക്കുമ്പാട്, വാടിക്കൽ, ചെറുകുന്ന്, മാട്ടൂൽ നോർത്ത്, പഴയങ്ങാടി, വളപട്ടണം, ചേരിക്കൽ, കിടഞ്ഞി കരിയാട് എന്നീ ബോട്ട് ടെർമിനലുകളുടെയും താവം, അഴീക്കൽ ബോട്ട് പാലം, പുന്നക്കടവ്, പെരിങ്ങത്തൂർ, മോന്താൽ എന്നീ ബോട്ട് ജെട്ടികളുടെയും നടത്തിപ്പിനാണ് ക്വട്ടേഷൻ ക്ഷണിച്ചത്.
ഡിസംബർ 15 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഒരു വർഷ കാലയളവിലേക്കാണ് അനുമതി നൽകുക.മാഹി, വളപട്ടണം, കവ്വായി, പഴയങ്ങാടി, കുപ്പം, അഞ്ചരക്കണ്ടി പുഴയോരങ്ങളിലും ദ്വീപുകളിലുമായി 40 ബോട്ട് ജെട്ടികളും രണ്ട് ബോട്ട് റേസ് ഗാലറികളുമാണ് നിർമിക്കുന്നത്. ഇതിൽ 20 ജെട്ടികളുടെയും ബോട്ട് റേസ് ഗാലറിയുടെയും നിർമാണം പൂർത്തിയായി. ബാക്കിയുള്ളവയും ഒന്നോ രണ്ടോ മാസത്തിനകം പൂർണ സജ്ജമാകും.