സ്ഥലം വിട്ടുനൽകിയിട്ടും: മാനന്തേരി വില്ലേജ് ഓഫീസ് സ്മാർട്ടായില്ല

ചിറ്റാരിപ്പറമ്പ് : കാലപ്പഴക്കത്താൽ ദ്രവിച്ച് വീഴാറായ മാനന്തേരി വില്ലേജ് ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റി പുതിയ സ്മാർട്ട് വില്ലേജ് കെട്ടിടം നിർമിക്കുമെന്ന അധികൃതരുടെ ഉറപ്പ് ഒരു വർഷം കഴിഞ്ഞിട്ടും യാഥാർഥ്യമായില്ല.
ഓഫീസ് കെട്ടിടം ചോർന്നൊലിക്കാൻ തുടങ്ങിയതോടെ വില്ലേജ് ഓഫീസ് ജീവനക്കാർ നാട്ടുകാരുടെ സഹകരണത്തോടെ കെട്ടിടത്തിന് മുകളിൽ പ്ലാസ്റ്റിക് ഷീറ്റ് കെട്ടിയാണ് ഫയലുകൾക്ക് മഴയിൽ നിന്ന് സംരക്ഷണം ഒരുക്കുന്നത്.
വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ശോച്യാവസ്ഥയറിഞ്ഞ് ഒന്നരവർഷം മുൻപ് കെട്ടിടം സന്ദർശിച്ച തലശ്ശേരി തഹസിൽദാർ ഓഫീസ് താത്കാലികമായി മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റാൻ നിർദേശം നൽകിയെങ്കിലും നടന്നില്ല.
ചിറ്റാരിപ്പറമ്പ് ഗ്രാമപ്പഞ്ചായത്ത് മുൻ അംഗം പരേതനായ കെ.ഇ.ഭരതൻ 40 വർഷം മുൻപ് മാനന്തേരി പോസ്റ്റോഫീസിന് സൗജന്യമായി നൽകിയ അഞ്ച് സെൻറ് സ്ഥലത്താണ് വില്ലേജ് ഓഫീസ് കെട്ടിടം നിർമിച്ചത്. അറ്റകുറ്റപ്പണി നടത്താത്തതിനാലാണ് കെട്ടിടം തകർച്ചയിലായത്.
മാനന്തേരി, ചിറ്റാരിപ്പറമ്പ്, പൂഴിയോട് പ്രദേശങ്ങൾ ഉൾപ്പെട്ടതാണ് മാനന്തേരി വില്ലേജ്. വിവിധ സർട്ടിഫിക്കറ്റുകൾക്കായി ദിവസേന നിരവധിപേരാണ് ഓഫീസിലെത്തുന്നത്. വില്ലേജ് ഓഫീസർ ഉൾപ്പെടെ നാല് ജീവനക്കാരാണ് ഓഫീസിലുള്ളത്. ഓഫീസിൽ വരുന്നവർക്ക് ഇരിക്കാനോ അപേക്ഷകൾ എഴുതാനോ സൗകര്യമില്ല.
രണ്ട് സെന്റ് കൂടി
:നാട്ടുകാരുടെ നിരന്തര പരാതിയെത്തുടർന്ന് ഒരു വർഷം മുൻപ് നിലവിലുള്ള വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടം പൊളിച്ചുമാറ്റി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിർമിക്കാൻ ഭരണാനുമതി ലഭിച്ചിരുന്നു.
മാനന്തേരി വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജ് ഓഫീസാക്കാൻ അധികൃതർ പദ്ധതിയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും നടപടിയാകാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ ജനകീയ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങി.
നിലവിലുള്ള അഞ്ച് സെൻറ് സ്ഥലത്തിന് പുറമേ പുതിയ കെട്ടിടനിർമാണത്തിന് രണ്ട് സെന്റ് സ്ഥലം ജനകീയ പങ്കാളിത്തത്തോടെ റവന്യൂവകുപ്പിന് കൈമാറുകയും ചെയ്തിരുന്നു. പുതിയ വില്ലേജ് ഓഫീസ് കെട്ടിടനിർമാണം ഉടൻ തുടങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം.