പത്താം ക്ലാസ് പാസായവർക്ക് കേന്ദ്ര പൊലീസ് സേനകളിൽ അവസരം

ന്യൂഡൽഹി: പത്താം ക്ലാസ് പാസായവർക്ക് കേന്ദ്ര പൊലീസ് സേനകളിൽ വൻ അവസരം. 26,146 ഒഴിവുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിലുള്ളതിനേക്കാൾ ഒഴിവുകൾ വർധിച്ചേക്കാമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. ബി.എസ്.എഫ്-6174, സി.ഐ.എസ്.എഫ്- 11025, സി.ആർ.പി.എഫ്- 3337, എസ്.എസ്.ബി- 635 , ഐ.ടി.ബി.പി- 3189, എ.ആർ- 1490, എസ്.എസ്.എഫ്- 296 എന്നിങ്ങനെയാണ് നിലവിലെ ഒഴിവുകൾ. ശമ്പള സ്കെയിൽ – 21700 – 69,100 (Pay level-3). പ്രായം – 18 – 23 (2.1.2001 നും 1.1.2006 നും ഇടയിൽ ജനിച്ചവർ) സംവരണവിഭാഗത്തിന് ഇളവുണ്ട്.
അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 31 ആണ്. ആഭ്യന്തരമന്ത്രാലയം സ്റ്റാഫ്‌സെലക്ഷൻ കമ്മിഷൻ മുഖേനയാണ് കേന്ദ്രപോലീസിലേക്ക് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. ssc.nic.in എന്ന വെബ്‌സൈറ്റിൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ രീതിയിൽ ഓൺലൈനായി അപേക്ഷിക്കണം.
കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്, ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ്, മെഡിക്കൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടം കംപ്യൂട്ടർ അധിഷ്ഠിത ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷയാണ്. രണ്ട് മാർക്ക് വീതമുള്ള 80 ചോദ്യങ്ങളാണ് ഉണ്ടാവുക. ഒരു മണിക്കൂറായിരിക്കും പരീക്ഷാസമയം. നെഗറ്റീവ് മാർക്കുണ്ട്. ഒരു ഉത്തരം തെറ്റിയാൽ 0.25മാർക്ക് കുറയ്ക്കും. ഫെബ്രുവരി – മാർച്ച് മാസങ്ങളിലാണ് ഓൺലൈൻ പരീക്ഷ. ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ കൂടാതെ മലയാളം അടക്കം 13 പ്രാദേശിക ഭാഷകളിലും പരീക്ഷ എഴുതാം.