18ൽ താഴെയുള്ള ആൺകുട്ടികളുടെ ചോദ്യം ചെയ്യൽ: രക്ഷിതാവിന്റെ സാന്നിദ്ധ്യം വേണം

തിരുവനന്തപുരം: പതിനെട്ട് വയസിൽ താഴെയുള്ള ആൺകുട്ടികളെ രക്ഷിതാക്കളുടെയോ കുടുംബാംഗങ്ങളുടെയോ സാന്നിദ്ധ്യത്തിലേ ചോദ്യം ചെയ്യാവൂ എന്ന് പൊലീസ് മേധാവിയുടെ സർക്കുലർ. അവർ ലഭ്യമല്ലെങ്കിൽ യോഗ്യരായ മറ്റു വ്യക്തികൾ, ബാലക്ഷേമ ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിദ്ധ്യം വേണം.ക്രിമിനൽ നടപടി നിയമ സംഹിതയിലെ വകുപ്പ് 160 പ്രകാരം 15 വയസിൽ താഴെയോ, 65 വയസിനു മുകളിലോഉള്ള പുരുഷനേയും സ്ത്രീയേയും താമസ സ്ഥലത്തിനു പുറത്ത് എവിടെയെങ്കിലും ഹാജരാകാൻ നിർദേശിക്കാൻ പാടില്ല.
മാനസിക വെല്ലുവിളി നേരിടുന്നവരുടെ കാര്യത്തിലും ഇത് പാലിക്കണമെന്നും പൊലീസിന്റെ ഉത്തരവാദിത്വങ്ങളും പൗരന്മാരുടെ അവകാശങ്ങളും വിവരിക്കുന്ന സർക്കുലറിൽ പറ.യുന്നു.സ്ത്രീകളെ ചോദ്യം ചെയ്യുന്നതിന് സ്‌റ്റേഷനിലേക്കു വിളിച്ചു വരുത്താൻ പാടില്ല. ഇവര്‍ക്കു നൽകുന്ന നോട്ടീസിൽ സ്ത്രീയെ എവിടെ വച്ചാകും ചോദ്യം ചെയ്യുകയെന്ന് സൂചിപ്പിക്കണം.
സ്ത്രീ താമസിക്കുന്ന സ്ഥലത്ത് കുടുംബാംഗങ്ങളുടെയും വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാകണം ചോദ്യം ചെയ്യേണ്ടത്.വ്യക്തികളുടെ അറസ്റ്റ്, നോട്ടീസ് നൽകൽ തുടങ്ങിയവയിലെ നടപടിക്രമങ്ങൾ കർശനമായി പാലിക്കണം. പൊലീസ് നൽകുന്ന നോട്ടീസിന്റെയും കൈപ്പറ്റ് രസീതിന്റേയും മാതൃകയിലും പരിഷ്‌കാരം വരുത്തി.
സ്റ്റേഷനില്‍ വിളിച്ചു വരുത്തുന്ന വ്യകതികളുടെ സംരക്ഷണത്തിന് അന്വേഷണ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്. അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രവർത്തനം കഴിയുന്നതും സ്റ്റേഷനുകളുടെ താഴത്തെ നിലയിലാകണം.അന്വേഷണ ഉദ്യോഗസ്ഥർ എസ്എച്ച്ഒയ്ക്ക് നൽകുന്ന ഉപയോഗിച്ച ബുക്ക് ലെറ്റുകൾ, അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമര്‍പ്പിച്ച ശേഷം മൂന്നു വർഷം വരെ സൂക്ഷിക്കണം.
വിചാരണയുമായി ബന്ധപ്പെട്ട നിർദ്ദിഷ്ട സമയ പരിധിക്കു ശേഷവും രേഖകൾ സൂക്ഷിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ ബന്ധപ്പെട്ട എ.സി.പിയുടെ അനുവാദം വാങ്ങണം. അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാഗത്തു വീഴ്ചയുണ്ടായാൽ അച്ചടക്ക നടപടി സ്വീകരിക്കും.