കേരളത്തിൽ ഹെലികോപ്റ്റര്‍ വഴി വീണ്ടും അവയവമാറ്റം

Share our post

തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരത്ത് മസ്തിഷ്‌ക മരണം സംഭവിച്ച സെല്‍വിന്‍ ശേഖറിന്റെ അവയവങ്ങളുമായി ഹെലികോപ്റ്റര്‍ കൊച്ചിയിലേക്ക് ഉടന്‍ തിരിക്കും. സ്റ്റാഫ് നേഴ്‌സായ സെല്‍വിന്‍ ശേഖറിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് ഹെലികോപ്റ്റര്‍ വഴി അവയവദാനത്തിനുള്ള ശ്രമം നടക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്.

കൊച്ചിയിലെ ഹെലിപാടില്‍ നിന്ന് ലിസി ആശുപത്രിയിലേക്കും ആംസ്റ്റര്‍ മെഡിസിറ്റിയിലേക്കും റോഡ് വഴിയാണ് അവയവങ്ങള്‍ എത്തിക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങള്‍ പൊലീസ് നടത്തിക്കഴിഞ്ഞു. ഗതാഗത നിയന്ത്രണമുള്‍പ്പെടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സെല്‍വിന്‍ ശേഖറിന്റെ ഹൃദയം കൊച്ചി ലിസി ആശുപത്രിയില്‍ ചികിത്സയിലുള്ള 16 കാരന്‍ ഹരി നാരായണന് നല്‍കും. ഒരു വൃക്കയും പാന്‍ക്രിയാസും ആസ്റ്റര്‍ മെഡി സിറ്റിയില്‍ ചികിത്സയില്‍ ഉള്ള രോഗിക്കും മറ്റൊരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്ക് തന്നെ നല്‍കുമെന്നാണ് വിവരം. അതേസമയം, സെല്‍വിന്റെ കണ്ണുകള്‍ തിരുവനന്തപുരം കണ്ണാശുപത്രിയില്‍ ദാനം ചെയ്യും.

അവയവം എടുക്കുന്നതിനുള്ള ശസ്ത്രക്രിയകള്‍ കിംസ് ആശുപത്രിയില്‍ ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് അറിയിച്ചിരുന്നു. കെ. സോട്ടോ പദ്ധതി (മൃതസഞ്ജീവനി) വഴിയാണ് അവയവ വിന്യാസം ഏകോപിപ്പിക്കുന്നത്. സുഗമമായി അവയവം എത്തിക്കുന്നതിന് മുഖ്യമന്ത്രി പൊലീസിന് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!