കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ വിരമിക്കൽ പ്രായം 62 ആക്കി ഉത്തരവ്

പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാരുടെ വിരമിക്കൽ പ്രായം 62 ആക്കി സർക്കാർ ഉത്തരവായി. ആരോഗ്യവകുപ്പിൽ ഇതര സർക്കാർ മെഡിക്കൽ കോളേജുകളിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാരുടെ സർവീസ് കാലാവധി 62 വയസ്സാണെങ്കിലും പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ഇതുവരെ ബാധകമാക്കിയിരുന്നില്ല. പുതിയ ഉത്തരവോടെ നിലവിലുള്ള ഡോക്ടർമാർക്ക് 62 വയസ്സുവരെ തുടരാനാകും.
കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്തിട്ട് അഞ്ചുവർഷം കഴിഞ്ഞിട്ടും സേവന-വേതന വ്യവസ്ഥകൾ സർക്കാർ മെഡിക്കൽ കോളേജിന് തുല്യമാക്കാത്തത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിൽ വിരമിക്കൽപ്രായം ഇതര മെഡിക്കൽ കോളേജിന് തുല്യമാക്കിയത് ആശ്വാസകരമായി.
അതോടൊപ്പം മറ്റ് ജീവനക്കാരുടെ വിരമിക്കൽ പ്രായം ഇതുവരെ മെഡിക്കൽ കോളേജിലേതു പോലെ 60 ആക്കണമെന്നതും പൂർണമായി നടപ്പായിട്ടില്ല. 58-ൽ വിരമിച്ചവർ ഹൈക്കോടതിവിധിയിലൂടെ 60 വയസ്സ് വരെ തുടരുകയാണിപ്പോൾ.