തൊഴിലുറപ്പു പദ്ധതി; സോഷ്യൽ ഓഡിറ്റിങ്ങിൽ കേരളം ഒന്നാമത്

Share our post

കൊച്ചി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജനകീയ പരിശോധനയിൽ കേരളം ഒന്നാമത്.പഞ്ചായത്തുകൾ നടപ്പിലാക്കുന്ന മുഴുവൻ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തികളും ഗ്രാമസഭ സംഘടിപ്പിച്ച് വർഷത്തിൽ രണ്ടു പ്രാവശ്യം സോഷ്യൽ ഓഡിറ്റിന് വിധേയമാക്കണമെന്നത് തൊഴിലുറപ്പ് നിയമത്തിലെ വ്യവസ്ഥയാണ്. വികസന പദ്ധതികൾ ലക്ഷ്യം കണ്ടോ എന്ന് വിലയിരുത്തുകയാണ് സോഷ്യൽ ഓഡിറ്റിന്റെ ലക്ഷ്യം.

വ്യവസ്ഥയിൽ പറയും വിധം ആറു മാസത്തിലൊരിക്കൽ ചിട്ടയായും കാര്യക്ഷമമായും കഴിഞ്ഞ രണ്ടുവർഷവും കേരളത്തിലെ 941 പഞ്ചായത്തുകളിലും സോഷ്യൽ ഓഡിറ്റ് നടത്തി. മറ്റു പല സംസ്ഥാനങ്ങളും വർഷത്തിൽ ഒറ്റത്തവണ മാത്രമാണ് സോഷ്യൽ ഓഡിറ്റ് നടത്തുന്നത്.

ഫയലുകളുടെ പരിശോധനയ്ക്ക് അപ്പുറം ഫീൽഡ് സന്ദർശനത്തിലൂടെ പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പാക്കാൻ കേരളത്തിന് സാധിച്ചതായി ഓഡിറ്റിന് നേതൃത്വം നൽകുന്ന തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലെ സോഷ്യൽ ഓഡിറ്റ് സൊസൈറ്റി ഡയറക്ടർ ഡോ. എൻ. രമാകാന്തൻ ‘മാതൃഭൂമി’യോട് പറഞ്ഞു.

ഗ്രാമസഭകളിൽ എല്ലാ വിഭാഗത്തിലും പെട്ട ആളുകളുടെയും പങ്കാളിത്തം ഉറപ്പാക്കാൻ കേരളത്തിനു കഴിഞ്ഞു. തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റിന്റെ അനുഭവ പശ്ചാത്തലത്തിൽ എല്ലാ കേന്ദ്ര-സംസ്ഥാനാവിഷ്‌കൃത പദ്ധതികളിലേക്കും അത് വ്യാപിപ്പിക്കുന്നത് ആലോചിക്കുന്നുണ്ടെന്നും രമാകാന്തൻ പറഞ്ഞു.

കേന്ദ്രഭരണ പ്രദേശങ്ങളിലൊന്നും ഇത്തരം ഓഡിറ്റ് നടക്കുന്നില്ല. പശ്ചിമബംഗാളിൽ ഓഡിറ്റ് നടപ്പായിട്ടില്ല. കർണാടകയിൽ 3.30 ശതമാനവും തമിഴ്നാട്ടിൽ 4.91 ശതമാനവുമാണ് പ്രവൃത്തികൾ സോഷ്യൽ ഓഡിറ്റിങ് നടത്തിയിട്ടുള്ളത്. 69.42 ശതമാനം നടപ്പാക്കിയ ഒഡീഷ രണ്ടാം സ്ഥാനത്തും 64.4 ശതമാനം നേടിയ ബിഹാർ മൂന്നാം സ്ഥാനത്തുമുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!