പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് മലയാളത്തിലാക്കണമെന്ന് നിർദ്ദേശം

കണ്ണൂർ : സാധാരണക്കാര്‍ക്കുകൂടി മനസിലാകുന്ന തരത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് മലയാളത്തിൽ ആക്കണമെന്ന നിയമസഭാ സമിതിയുടെ നിര്‍ദ്ദേശം അടിയന്തരമായി നടപ്പാക്കാൻ ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശം. ഇതിന്റെ നിയമവശങ്ങള്‍ പരിശോധിക്കുന്ന വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് വേഗത്തില്‍ കൈമാറണമെന്നും ഡി.ജി.പിയോട് നിര്‍ദ്ദേശിച്ചു. സമിതിയില്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ എ.പി.ഷൗക്കത്തലി, അഡ്വ: ജി.മോഹൻരാജ് എന്നിവരെ ഉള്‍പ്പെടുത്തണമെന്ന ഡി.ജി.പിയുടെ ശുപാര്‍ശ അംഗീകരിച്ചു.
ഔദ്യോഗിക ഭാഷ സംബന്ധിച്ച നിയമസഭാ സമിതി 2017ല്‍ നല്കിയ ശുപാര്‍ശ ആരോഗ്യ, പോലീസ് വകുപ്പുകള്‍ നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് കര്‍ശന നിര്‍ദ്ദേശം. നിലവില്‍ ഇംഗ്ലീഷിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. മരണകാരണം, ആന്തരികാവയവങ്ങളുടെ സ്ഥിതി, ശരീരത്തിലെ മുറിവുകള്‍, ക്ഷതങ്ങള്‍ എന്നിവയെല്ലാം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് മലയാളത്തിലായാല്‍ സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ വായിച്ച് മനസിലാക്കാനാകും. റിപ്പോര്‍ട്ട് മലയാളത്തിലാക്കാൻ ആഭ്യന്തര സെക്രട്ടറി 2017ല്‍തന്നെ പോലീസ് മേധാവിക്കും ആരോഗ്യ ഡയറക്ടര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു.
മെഡിക്കല്‍, ഫോറൻസിക് പദങ്ങള്‍ക്ക് പകരം മലയാള പദങ്ങളില്ലെങ്കില്‍ റിപ്പോര്‍ട്ടില്‍ അവ അതേരീതിയില്‍ ഉള്‍പ്പെടുത്താനും നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് നിലവിലുള്ള പി.എം.ആര് (പോസ്റ്റ്മോര്‍ട്ടം റീഡിസ്ട്രിബ്യൂഷൻ) ഫോറം മലയാളത്തിലേക്കു പരിഭാഷപ്പെടുത്താൻ മെഡിക്കല്‍ ഓഫീസര്‍മാരുടെ അഭിപ്രായം ആരോഗ്യവകുപ്പ് തേടിയിരുന്നു. എന്നാല്‍ മലയാളത്തില്‍ റിപ്പോര്‍ട്ടെഴുതുന്നത് പ്രയാസമാണെന്ന് വിലയിരുത്തി ഡോക്ടര്‍മാര്‍ അത് അട്ടിമറിക്കുകയായിരുന്നു.