ട്രോജന്‍ ആക്രമണം: വാട്‌സാപ്പ്, ടെലഗ്രാം ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്

മൊബൈല്‍ ബാങ്കിങ് ട്രോജൻ ആക്രമണങ്ങള്‍ രാജ്യത്ത് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വാട്‌സാപ്പ്, ടെലഗ്രാം ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്. വാട്‌സാപ്പ്, ടെലഗ്രാം പോലുള്ള സോഷ്യല്‍ മീഡിയ മെസേജിങ് പ്ലാറ്റ്‌ഫോമുകള്‍ വഴി വലിയ രീതിയില്‍ ട്രോജന്‍ ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നാണ് മുന്നറിയിപ്പ്.
ബാങ്കുകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, മറ്റ് സേവനദാതാക്കള്‍ എന്നിവരെന്ന വ്യാജേന സോഷ്യൽ മീഡിയ വഴി ഉപഭോക്താക്കളെ ബന്ധപ്പെടുകയും അവരുടെ ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലേക്ക് അപകടകരമായ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്യും. അതോടെ ഫോണിലെ സ്വകാര്യ വിവരങ്ങള്‍ ചോരുന്നു.
ബാങ്കിങ് വിവരങ്ങളും ഫോണിലെ മറ്റ് ഡാറ്റയും ഇതില്‍ പെടും. വലിയ രീതിയിലുള്ള സാമ്പത്തിക തട്ടിപ്പുകള്‍ക്കാണ് ഇത്തരം സൈബറാക്രമണങ്ങള്‍ ഇടയാക്കുന്നത്. മൈക്രോസോഫ്റ്റിന്റെ ഔദ്യോഗിക സുരക്ഷാ ബ്ലോഗിലൂടെയാണ് കമ്പനി വാട്‌സാപ്പ് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.
ഉദാഹരണത്തിന് വാട്‌സാപ്പ് വഴി ഏതെങ്കിലും ബാങ്കിന്റെ പേരില്‍ സന്ദേശം ലഭിക്കുന്നു. അവരുടെ ഔദ്യോഗിക ആപ്പ് എന്നു പറഞ്ഞ് ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ലിങ്കും ഒപ്പം വെക്കുന്നു. ഈ കെണിയില്‍ പെടുന്ന ഉപഭോക്താക്കള്‍ ലിങ്ക് വഴി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നു.
ആപ്പ് ഓപ്പൺ ചെയ്യാനായി ലോഗിന്‍ വിവരങ്ങള്‍ നല്‍കിയേക്കും. ബാങ്കുകള്‍ നിരവധി സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളതിനാല്‍ ഇത് അത്ര എളുപ്പമല്ല. എങ്കിലും ഈ ബാങ്കുകളുടെ പേരില്‍ ഉപഭോക്താക്കളെ ബന്ധപ്പെട്ട് മറ്റ് സാമ്പത്തിക സേവനങ്ങളുടെ ഉപഭോക്താക്കളെയാണ് കെണിയിലാക്കുന്നത്.
രണ്ട് തരം ആപ്പുകള്‍
രണ്ട് തരം അപകടകരമായ ആപ്പുകളാണ് മൈക്രോസോഫ്റ്റ് ചൂണ്ടിക്കാണിക്കുന്നത്. ബാങ്ക് അക്കൗണ്ട് ലോഗിന്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി നിര്‍മിച്ച ബാങ്കുകളുടെ വ്യാജ ആപ്പുകള്‍. ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡുകളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതിനുള്ള വ്യാജ ആപ്പുകള്‍. എന്നിവയാണവ.
ശ്രദ്ധിക്കുക
ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ്പ്‌സ്റ്റോര്‍ പോലുള്ള ഔദ്യോഗിക ആപ്പ്‌സ്റ്റോറുകളില്‍നിന്ന് മാത്രം ഇന്‍സ്റ്റാള്‍ ചെയ്യുക. അപരിചിത ലിങ്കുകള്‍ ക്ലിക്ക് ചെയ്യാതിരിക്കുക. പരസ്യങ്ങള്‍, എസ്എംഎസ്, വാട്‌സാപ്പ് മെസേജുകള്‍, ഇമെയിലുകള്‍ എന്നിവ വഴിയുള്ള ലിങ്കുകളൊന്നും ക്ലിക്ക് ചെയ്യരുത്.
മൈക്രോസോഫ്റ്റ് ഡിഫന്‍ഡര്‍ പോലുള്ള ആപ്പുകള്‍ ആന്‍ഡ്രോയിഡില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
അപരിചിതമായ ആപ്പുകള്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.