കാലിത്തീറ്റ വില വര്‍ധിച്ചതോടെ ക്ഷീരകർഷകർ പ്രതിസന്ധിയില്‍

Share our post

കണ്ണൂർ : ക്ഷീരകര്‍ഷകരുടെ വയറ്റത്തടിച്ച്‌ കാലിത്തീറ്റ വിലയില്‍ വന്‍വര്‍ധന.
പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്‌സ് കാലിത്തീറ്റ ഒരു ചാക്കിന് 20 രൂപ വര്‍ധിപ്പിച്ചതോടെ ഇടത്തരം ക്ഷീരകര്‍ഷകരുടെ കുടുംബ ബജറ്റും താളംതെറ്റി.

ഇതോടെ അൻപത് കിലോ വരുന്ന ഒരു ചാക്ക് കാലിത്തീറ്റയുടെ വില 1540 രൂപയായി. കാലിത്തീറ്റ ഗുണനിലവാര വിലനിയന്ത്രണ ബില്‍ നിയമമായതോടെയാണ് കാലിത്തീറ്റ കമ്പനികള്‍ വില ഉയര്‍ത്താന്‍ തുടങ്ങിയത്. ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ വില നിയന്ത്രണം ഉണ്ടാകുമെന്ന് മുന്‍കൂട്ടിക്കണ്ടാണ് കാലിത്തീറ്റ കമ്പനികള്‍ കൊള്ളലാഭം കൊയ്യുന്നത്.

അതേസമയം ഗുണനിലവാരവും വില നിയന്ത്രണവും ഉറപ്പാക്കുമെന്ന് അവകാശപ്പെടുന്ന ബില്ലിനെ ക്ഷീരകര്‍ഷകര്‍ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും കാലിത്തീറ്റയുടെ വില കുറയുമെന്ന പ്രതീക്ഷ കര്‍ഷകര്‍ക്കില്ല.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരള ഫീഡ്‌സ് മാത്രമല്ല, കെ.എസ്, മില്‍മ, ഗോദറേജ് തുടങ്ങിയ സ്വകാര്യ കമ്പനികളും വില ഉയര്‍ത്തി. കാലിത്തീറ്റ ഉല്പാദനത്തിന് ആവശ്യമായ അനുബന്ധ സാധനങ്ങളുമായി ബന്ധമില്ലാത്ത വിധത്തിലാണ് വില ഉയര്‍ത്തല്‍. പൊതുമേഖലാ സ്ഥാപനം തന്നെ വില വര്‍ധനവ് വരുത്തുമ്പോള്‍ സ്വകാര്യ കമ്പനികളെ എങ്ങനെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് ക്ഷീര കര്‍ഷകരുടെ ചോദ്യം.

പത്ത് ചാക്കുവരെ കാലിത്തീറ്റ സബ്‌സിഡിയില്‍ ലഭിച്ചിരുന്നത് ഇപ്പോള്‍ നാല് ചാക്കായി ചുരുങ്ങി. ക്ഷീര വകുപ്പില്‍നിന്ന് വൈക്കോലിന് ലഭിച്ചിരുന്ന സബ്‌സിഡിയും വെട്ടിച്ചുരുക്കി. ഇതോടെ 225 രൂപയ്‌ക്ക് ലഭിച്ചിരുന്ന 30 കിലോയുടെ വൈക്കോല്‍ കെട്ടിന്റെ വില 350 രൂപയായി.

ക്ഷീര കര്‍ഷകര്‍ ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്ന ഗോതമ്പ് ഉമിയുടെ വില കൂടിയതും തിരിച്ചടിയായി. നേരത്തെ ഒരു കിലോ ഗോതമ്പ് ഉമി 20 മുതൽ 24 രൂപ വരെ ലഭിച്ചിരുന്നു. ഇത് 30 രൂപയായാണ് ഉയര്‍ത്തിയിരിക്കുന്നത്. 50 കിലോ വരുന്ന ഒരു ചാക്ക് ഗോതമ്പ് ഉമിയുടെ വിലയില്‍ 200 രൂപയുടെ വരെ വര്‍ധനവ് ഉണ്ടാകും.

ചോളം പോലുള്ള അനുബന്ധ സാധനങ്ങള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുമെന്ന് പറയുന്നതല്ലാതെ കര്‍ഷകര്‍ക്ക് സഹായകമായ നടപടികള്‍ ഒന്നും ഉണ്ടാകുന്നില്ലെന്നാണ് ക്ഷീരകര്‍ഷകരുടെ ആരോപണം. കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനൊപ്പം കുറഞ്ഞ വിലയില്‍ കാലിത്തീറ്റ ക്ഷീരകര്‍ഷകര്‍ക്ക് ലഭ്യമാക്കണമെന്നും അല്ലാത്ത പക്ഷം കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്നും കർഷക കോൺഗ്രസ്‌ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!