യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ നാല് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍: പഴയങ്ങാടിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ച നാല് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ അറസ്റ്റില്‍. റമീസ്, അമല്‍ ബാബു, അനുവിന്ദ്, ജിതിന്‍ എന്നിവരെയാണ് പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
നവകേരള സദസിന്റെ ഭാഗമായി എത്തിയ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു. പ്രവര്‍ത്തകരാണ് ക്രൂരമര്‍ദനത്തിന് ഇരയായത്. സംഭവത്തില്‍ സി.പി.എം., ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരായ 30 പേര്‍ക്കെതിരേ പഴയങ്ങാടി പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. കരിങ്കൊടി കാണിച്ച ആറ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേയും കേസുണ്ട്.
അറസ്റ്റിലായ നാല് പേര്‍ക്ക് പുറമെ സി.പി.എം, ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരായ എം.പി. വിഷ്ണു, പി.വി. സതീഷ്, സജിത്ത് ചെറുതാഴം, അതുല്‍ കണ്ണന്‍, അനുരാഗ്, ഷുക്കൂര്‍ അഹമ്മദ്, അര്‍ജുന്‍ കുറ്റൂര്‍, അര്‍ഷാദ് കുറ്റൂര്‍, സിബി, ഹരിത്ത് തുടങ്ങി കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെയാണ് കേസെടുത്തത്.
വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന, അന്യായമായി സംഘംചേരല്‍, കൊല്ലണമെന്ന ഉദ്ദേശ്യത്തോടുകൂടിയ അക്രമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. കല്യാശ്ശേരി ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പി.പി. രാഹുലിന്റെ പരാതിയിലാണ് കേസ്.അക്രമത്തില്‍ പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുമാരായ സുധീഷ് വെള്ളച്ചാല്‍ (30), മഹിത മോഹന്‍ (35), കല്യാശ്ശേരി ബ്ലോക്ക് പ്രസിഡന്റ് പി.പി. രാഹുല്‍ (30), കെ.എസ്.യു. ബ്ലോക്ക് സെക്രട്ടറി സഞ്ജു സന്തോഷ് (19), മിഥുന്‍ കുളപ്പുറം (33), മാടായി കോളേജ് ചെയര്‍മാന്‍ സായി ശരണ്‍ (20) എന്നിവര്‍ക്കെതിരെയാണ് കരിങ്കൊടി കാണിച്ചതിന് കേസെടുത്തത്.
തിങ്കളാഴ്ച മാടായിപ്പാറയില്‍ കല്യാശ്ശേരി മണ്ഡലം നവകേരളസദസ്സ് കഴിഞ്ഞ് തളിപ്പറമ്പിലേക്ക് പോകുകയായിരുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുംനേരേ എരിപുരം വൈദ്യുതി ഓഫീസിനു മുന്നില്‍ കരിങ്കൊടി കാണിച്ചപ്പോഴായിരുന്നു ക്രൂരമായ മര്‍ദ്ദനം. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
തലയ്ക്ക് സാരമായി പരിക്കേറ്റ സുധീഷ് വെള്ളച്ചാലിനെ തീവ്രപരിചരണ വിഭാഗത്തില്‍നിന്ന് മുറിയിലേക്ക് മാറ്റി. കെ.എസ്.യു. നേതാവ് സഞ്ജു സന്തോഷിന്റെ കര്‍ണപുടം തകര്‍ന്നു. എരിപുരം ട്രാഫിക് സര്‍ക്കിളിന് സമീപം മര്‍ദ്ദനമേറ്റ മാടായി കോളേജ് ബി.ബി.എ. വിദ്യാര്‍ഥി നിവേദ് വെങ്ങരയും ചികിത്സയിലാണ്.