പാതയോരത്തെ ബോർഡ് നീക്കിയില്ലെങ്കിൽ പിഴ 5000 രൂപ

തിരുവനന്തപുരം: പാതയോരങ്ങളിലെ അനധികൃത ബോർഡുകൾക്ക് 5000 രൂപവരെ പിഴ ഈടാക്കാൻ തീരുമാനം. സ്ഥാപനങ്ങൾ അവരുടെ സ്വന്തം ചെലവിൽ ബോർഡുകൾ നീക്കണം. ഇല്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ബോർഡുകളും തോരണങ്ങളും ഉടൻ നീക്കാനാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സർക്കാർ നിർദേശം.
നടപ്പാതകൾ, കൈവരികൾ, റോഡുകളുടെ നടുവിലെ മീഡിയൻ, ട്രാഫിക് ഐലൻഡ് എന്നിവിടങ്ങളിൽ കൊടിമരങ്ങൾ, തോരണങ്ങൾ, കൊടികൾ, പരസ്യബോർഡുകൾ എന്നിവ അനധികൃതമായി സ്ഥാപിച്ചവർക്കെതിരേ കർശനനടപടിയെടുക്കാൻ നേരത്തേ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
കോടതി നിർദേശപ്രകാരം ബോർഡുകൾ നീക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പ്രാദേശിക സമിതികളും ജില്ലകളിൽ നിരീക്ഷണ സമിതികളും രൂപവത്കരിച്ചിരുന്നു. എന്നാൽ, ഈ സമിതികൾ പരാജയമാണെന്നാണ് കോടതി വിലയിരുത്തിയത്.
സർക്കാർനടപടികൾ പരിശോധിക്കാൻ നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോർട്ടും കോടതിയുടെ പരിഗണനക്ക് വന്നിട്ടുണ്ട്. ഇതോടെയാണ് ബോർഡുകൾ നീക്കി, പിഴ ഈടാക്കാനും നിയമനടപടിക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇറങ്ങുന്നത്.