എച്ച്.ഐ.വി. പരിശോധനാകേന്ദ്രങ്ങൾ തുടരും

കണ്ണൂർ: കേരളത്തിലെ 62 എച്ച്.ഐ.വി. പരിശോധനാകേന്ദ്രങ്ങൾ പൂട്ടാനുള്ള കേന്ദ്രസർക്കാർ നടപടി മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവെക്കാൻ തീരുമാനമായതായി കേരള സ്റ്റേറ്റ് എയ്‌ഡ്‌സ് കൺട്രോൾ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.) പ്രസിഡൻ്റ് എം. സുരേന്ദ്രൻ അറിയിച്ചു. ജ്യോതിസ് എന്നപേരിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 150 സെൻ്ററുകളിൽ 62 എണ്ണമാണ് പൂട്ടാൻ കേന്ദ്രസർക്കാർ ഉത്തരവിട്ടത്.
യൂണിയൻ തിങ്കളാഴ്‌ച തിരുവനന്തപുരത്തെ സംസ്ഥാന എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റി ഓഫീസിന് മുന്നിൽ ധർണ നടത്തി. എം. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ്പ്രസിഡന്റ് കെ.വി.വിജല അധ്യക്ഷയായി. റജിമോൻ തോമസ്, അഹർനാഥ്, കെ.വി.വിജിത്ത്, ടി. ഷിനോജ്, വരുൺ എന്നിവർ സംസാരിച്ചു. തുടർന്ന് യൂണിയൻ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ. സജീവൻ, ഡോ. ശ്രീലത എന്നിവർ ചർച്ചയിൽ പങ്കെടുത്തു.