സ്കൂളിലെ വെടിവയ്പ്; ജഗന് ജാമ്യം; മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റും

Share our post

തൃശൂര്‍: സ്കൂളില്‍ വെടിവെയ്പ്പ് നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ ജഗന് ജാമ്യം. ജഗനെ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റും. ഇയാള്‍ മൂന്ന് വര്‍ഷമായി മാനസിക വെല്ലുവിളിക്ക് ചികിത്സ നടത്തുന്നതായി കുടുംബം പൊലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ രേഖകളും കുടുംബം ഹാജരാക്കി. പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നിര്‍ദ്ദേശം. തൃശൂര്‍ വിവേകോദയം ബോയ്‌സ് സ്‌കൂളിലാണ് പൂര്‍വ വിദ്യാര്‍ഥിയായ തൃശൂര്‍ ഈസ്റ്റ് സ്വദേശി ജഗൻ തോക്കുമായി എത്തിയത്.

സ്റ്റാഫ് റൂമിലെത്തിയ ഇയാള്‍ അധ്യാപകരെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് കയ്യിരുന്ന എയര്‍ഗണ്‍ ഉപയോഗിച്ച്‌ മൂന്നു തവണ ആകാശത്തേക്ക് വെടിയുതിര്‍ത്തത്.രാവിലെ 10.15 ഓടെയായിരുന്നു സംഭവം. നേരത്തെ പഠിച്ച സമയത്ത് മറന്നുവെച്ച തൊപ്പി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇയാള്‍ സ്‌കൂളിലേക്കെത്തിയത്. അധ്യാപകര്‍ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ ബാഗില്‍ നിന്നു തോക്കെടുത്തത്.

സ്റ്റാഫ് റൂമില്‍ കയറി കസേരയില്‍ ഇരുന്ന ശേഷം അധ്യാപകരെ ഭീഷണിപ്പെടുത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ക്ലാസ് റൂമിനുള്ളിലും കയറി ഇയാള്‍ ഭീഷണിപ്പെടുത്തി. കുട്ടികളുടെയും ടീച്ചറുടേയും മുന്നില്‍ വെച്ചു വെടിയുതിര്‍ത്തു. പൊലീസ് എത്തിയപ്പോഴേക്കും ഇയാള്‍ സ്‌കൂളില്‍ നിന്നും ഇറങ്ങി ഓടിയിരുന്നു. തുടര്‍ന്ന് പൊലീസ് പിന്തുടര്‍ന്നാണ് ജഗനെ പിടികൂടിയത്.

ജഗന്‍ പൊലീസ് സ്റ്റേഷനിലും പരാക്രമം കാണിച്ചു. ചോദ്യം ചെയ്യുന്നതിനിടെ ഇയാള്‍ പല തവണ പൊലീസിനോട് തട്ടിക്കയറുകയും ചെയ്തു. മാനസികാരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് യുവാവിന്റെ പരാക്രമമെന്നാണ് പൊലീസ് നേരത്തെ വിലയിരുത്തിയിരുന്നു. ഇക്കാര്യം സ്ഥിരീക്കുന്നതായിരുന്നു കുടുംബം നല്‍കിയ രേഖകള്‍. 2020 മുതല്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളയാളാണെന്ന് പൊലീസ് പറഞ്ഞു. നേരത്തെ മണ്ണുത്തി പൊലീസ് സ്റ്റേഷനിലും പൊതുജന മധ്യത്തില്‍ ബഹളം വച്ചതിന് ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!