ഓൾ ഇന്ത്യാ പെർമിറ്റ്: നിരക്കും റൂട്ടും ബസ്സുടമ നിശ്ചയിക്കും

തിരുവനന്തപുരം: ഓൾ ഇന്ത്യാ പെർമിറ്റ് നേടിയ ‘റോബിൻ’ ബസ്സിൻ്റെ യാത്ര വിവാദമാകുമ്പോൾ പെർമിറ്റിൻ്റെ ഉപയോഗവും ദുരുപയോഗവും വീണ്ടും ചർച്ചയാകുന്നു. ഇവ റൂട്ട് ബസ്സുകളെപ്പോലെ സ്റ്റോപ്പുകളിൽ നിർത്തി യാത്രക്കാരെ കയറ്റുമ്പോൾ സമാന്തര സർവീസിന് തുല്യമാകുകയാണ്. ഇത് കെ.എസ്.ആർ.ടി.സി.ക്കും പൊതുമേഖലയിലെ സ്വകാര്യ ബസ്സുകൾക്കും ഭീഷണിയാണ്.
ഇവയിൽ നിരക്കും റൂട്ടും സമയവും സ്റ്റോപ്പുകളും നിശ്ചയിക്കുന്നത് ബസ്സുടമയായിരിക്കും. അമിതനിരക്ക് ഈടാക്കിയാലോ, യാത്ര പൂർത്തീകരിക്കാതിരുന്നാലോ, മത്സരിച്ച് ഓടിയാലോ പരാതിപ്പെടാനാകില്ല. ഇവയുടെ യാത്രയോ നിരക്കോ സർക്കാർ നിയന്ത്രണത്തിലല്ല. ഏതുപാതയിലും ഉടമകൾക്ക് സൗകര്യമുള്ളവിധം ബസ് ഓടിക്കാനും യാത്രക്കാരിൽ നിന്ന് സൗകര്യം പോലെ പണം വാങ്ങാനും പെർമിറ്റ് ദുരുപയോഗത്തിലൂടെ കഴിയും.
പെർമിറ്റ് ലംഘിക്കുന്നതോടെ ഇൻഷുറൻസ് അസാധുവാകും. ടിക്കറ്റാണ് നഷ്ടപരിഹാരത്തിനുള്ള ആധികാരികരേഖ. പെർമിറ്റ് ലംഘിച്ചതിന്റെ തെളിവാകുമെന്നതിനാൽ ഇവർ ടിക്കറ്റ് നൽകാറുമില്ല.
ഓൾ ഇന്ത്യാ പെർമിറ്റ്
സംസ്ഥാനങ്ങളിലെ വ്യത്യസ്ത പെർമിറ്റ് വ്യവസ്ഥകൾ വിനോദസഞ്ചാരികൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കാനാണ് കേന്ദ്രസർക്കാർ ഓൾ ഇന്ത്യാ പെർമിറ്റ് കൊണ്ടുവന്നത്. ഒരുവർഷത്തേക്ക് മൂന്നുലക്ഷവും ത്രൈമാസത്തേക്ക് 90,000 രൂപയുമാണ് ഫീസ്. അംഗീകൃത ടൂർ ഓപ്പറേറ്റർക്കോ സംഘമായോ ഈ ബസുകൾ വാടകയ്ക്ക് എടുക്കാം. പ്രതിഫലം സംബന്ധിച്ച് കരാറും യാത്രക്കാരുടെ പട്ടികയും വേണം.
സ്റ്റേജ് കാരേജ് (റൂട്ട് ബസുകൾ)
സ്ഥിരമായ യാത്രാസമയം, റൂട്ട് എന്നിവ പരസ്യപ്പെടുത്തി ഓടാനും യാത്രക്കാർക്ക് പ്രത്യേകം ടിക്കറ്റ് നൽകാനും റൂട്ട് ബസുകൾക്ക് (സ്റ്റേജ് കാരേജ്) അനുമതിയുണ്ട്. റീജണൽ ട്രാൻസ്പോർട്ട് അതോറിറ്റികളാണ് പെർമിറ്റ് നൽകുന്നത്. സമയം, സ്റ്റോപ്പ്, റൂട്ട് എന്നിവ പെർമിറ്റിൽ രേഖപ്പെടുത്തും. കിലോമീറ്റർ അടിസ്ഥാനമാക്കി യാത്രാനിരക്ക് സർക്കാർ നിശ്ചയിക്കും. പെർമിറ്റിൽ പറയുന്ന സമയത്ത് ബസ് ഓടിക്കാൻ ഉടമ ബാധ്യസ്ഥനാണ്.