സമൻസുമായി പൊലീസെത്തുമ്പോൾ മുങ്ങാമെന്ന് കരുതേണ്ട; പുതിയ വഴിയുമായി സർക്കാർ

Share our post

തിരുവനന്തപുരം: സമൻസുമായി പൊലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തുമ്പോൾ മുങ്ങാമെന്ന് ചിലർ കരുതും, ചിലർ വിലാസം തെറ്റായി നൽകും. എന്നാൽ ഇനിയങ്ങനെ പറ്റിക്കാമെന്ന് ആരും കരുതേണ്ട. സമൻസ് നൽകാനുള്ള പുതിയ വഴി പരീക്ഷിക്കുകയാണ് സർക്കാർ. ഇലക്ട്രോണിക് മാധ്യമം വഴി സമൻസ് അയക്കാനുള്ള നിയമ ഭേദഗതി പ്രാബല്യത്തിൽ വന്നു. ഭേദഗതി വരുത്തിക്കൊണ്ടുള്ള അസാധാരണ ഗസറ്റ് വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചു.

പൊലീസ് ഉദ്യോഗസ്ഥർ, കോടതി നിയോഗിക്കുന്ന ജീവനക്കാർ എന്നിവർ മുഖാന്തരം നേരിട്ടോ രജിസ്‌റ്റേഡ് തപാൽ വഴിയോ ആണ് സമൻസ് അയക്കുന്നത്. പലപ്പോഴും സമൻസ് നൽകാൻ ഉദ്യോഗസ്ഥർ വരുമ്പോൾ അത് സ്വീകരിക്കേണ്ടവർ സ്ഥലത്തില്ലാത്ത സാഹചര്യമുണ്ടാകുന്നുണ്ട്. ചില വിലാസങ്ങൾ തെറ്റായും നൽകാറുണ്ട്. രജിസ്‌റ്റേഡ് തപാൽ വഴി അയക്കുമ്പോൾ ചിലർ അത് സ്വീകരിക്കാതിരിക്കുന്ന പ്രവണതയും ഉണ്ടാകാറുണ്ട്. എന്നാൽ സമൻസ് നൽകാനുള്ള പുതിയ വഴി ഏറെ പ്രയോജനകരമാകുമെന്നാണ് സർക്കാർ കരുതുന്നത്.

ക്രിമിനൽ നടപടിച്ചട്ടം 62, 91 വകുപ്പുകളിൽ ഭേദഗതി വരുത്താനുള്ള കരട് ബില്ലിന് ഈ വർഷം ഏപ്രിലിൽ മന്ത്രിസഭാ യോഗം അനുമതി നൽകിയിരുന്നു. ഇതാണ് ഇപ്പോൾ വിജ്ഞാപനം വഴി പ്രാബല്യത്തിൽ വന്നിരിക്കുന്നത്. ഭേദഗതി വന്നതോടെ സമന്‍സ് സന്ദേശമായി ഇനി ലഭിച്ച് തുടങ്ങും. സാധ്യമെങ്കിൽ ഇ-മെയിൽ അടക്കമുള്ള ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി പ്രതികൾക്കും സാക്ഷികൾക്കും സമൻസ് അയക്കാമെന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!