സഹകരണ വകുപ്പ് കെയർ ഹോം പദ്ധതി; 18 കുടുംബങ്ങൾക്ക് വീടൊരുങ്ങും

കണ്ണൂർ : സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതിയുടെ ഭാഗമായി തളിപ്പറമ്പ് കൂനം ഉണ്ണിപൊയിലിൽ നിർമ്മിക്കുന്ന ഭവന സമുച്ചയത്തിന്റെ ശിലാസ്ഥാപനം എം.വി. ഗോവിന്ദൻ എം.എൽ.എ നിർവഹിച്ചു. 40 സെന്റിൽ മൂന്ന് ബ്ലോക്കുകളിലായി 18 കുടുംബങ്ങൾക്ക് വീടും അങ്കണവാടിയും കോൺഫറൻസ് ഹാളും ഉൾപ്പെടെയുള്ള സമുച്ചയമാണ് നിർമ്മിക്കുന്നത്. 3.15 കോടി രൂപ ചെലവിൽ ഊരാളുങ്കൽ സൊസൈറ്റിയാണ് കെട്ടിടം നിർമ്മിക്കുക. ആറുമാസത്തിനകം നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് താക്കോൽ കൈമാറാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടമാണിത്. ആദ്യഘട്ടത്തിൽ സംസ്ഥാനത്താകെ 2091 വീടുകൾ നിർമ്മിച്ച് നൽകി.
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എം. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് വി.എം. സീന, വൈസ് പ്രസിഡണ്ട് വി. രാജീവൻ, സ്ഥിരം സമിതി അധ്യക്ഷൻ പി. ലക്ഷ്മണൻ, അംഗം പി.കെ. പ്രേമലത, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.കെ. രത്നകുമാരി, തളിപ്പറമ്പ് ആർ.ഡി.ഒ ഇ.പി. മേഴ്സി, സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ ഇ. രാജേന്ദ്രൻ, സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടർ വി. രാമകൃഷ്ണൻ, ഡെപ്യൂട്ടി രജിസ്ട്രാർ കെ. പ്രഭോഷ്‌കുമാർ, കുറുമാത്തൂർ ഗവ ഐ.ടി.ഐ പ്രിൻസിപ്പൽ ജി. ബിജു, കെ. നാരായണൻ, കെ. സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.