ഇനി എല്ല് പൊട്ടിയാൽ ശസ്ത്രക്രിയ നടത്തി മാസങ്ങളോളം ബുദ്ധിമുട്ടേണ്ട; വെറും ഒരു മണിക്കൂറിൽ അസ്ഥിയുടെ ത്രീ ഡി പ്രിന്റ് ലഭിക്കും, വില 400 മുതൽ

തിരുവനന്തപുരം: അസ്ഥി പൊട്ടിയാൽ കമ്പിയോ പ്ലേറ്റോ സ്‌ക്രൂവോ ഒക്കെ ഇട്ട് റിപ്പെയർ ചെയ്യുകയാണ് പതിവ്. അതിന് പകരം പുതിയ അസ്ഥി ‘ത്രീ ഡി പ്രിന്റ്’ ചെയ്ത് വച്ചുപിടിപ്പിക്കാം. താടിയെല്ല് മുതൽ തലയോട്ടി വരെ പ്രിന്റ് ചെയ്യാം. ഇതിനായി ‘ഒസിയോക്രാഫ്റ്റ്’ എന്ന ‘ബോൺ ത്രീഡി പ്രിന്റർ’ വികസിപ്പിച്ച് തിരുവനന്തപുരം വട്ടപ്പാറ പി.എം.എസ് ഡെന്റൽ കോളേജിലെ പി. ജി, ഇന്റേൺഷിപ്പ് വിദ്യാർത്ഥികൾ. പേറ്റന്റിന് അപേക്ഷിച്ചിട്ടുണ്ട്. അപകടങ്ങളിൽ അസ്ഥികൾ പൊട്ടിയവർക്കും അസ്ഥികൾ റോഡിൽ നഷ്ടപ്പെട്ടവർക്കും കാൻസറിൽ അസ്ഥികൾ ദ്രവിച്ചവർക്കും ഉപകരിക്കും.
അടിമലത്തുറയിൽ ഹഡിൽ ഗ്ലോബൽ എക്സ്‌പോയിൽ ഒസിയോക്രാഫ്റ്റും അതിന്റെ ശിൽപ്പികളും ആരോഗ്യ വിദഗ്ദ്ധരുടെ പ്രശംസ നേടുന്നു. പി.എം.എസിലെ സർജനും അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ.ആദർശും ഇന്റേൺ ശിവദത്തും 12അംഗ സംഘത്തിന്റെ പ്രതിനിധികളായി എക്സ്‌പോയിലെത്തി.
പ്രവർത്തനം
കംപ്യൂട്ടർ സോഫ്റ്റ്‌വെയറിൽ ഒടിഞ്ഞ അസ്ഥിയുടെ സി.ടി.സ്‌കാനിന്റെ ത്രീ ഡി രൂപരേഖ നൽകും. കംപ്യൂട്ടറും ബോൺ പ്രിന്ററുമായി ബന്ധിപ്പിച്ചിരിക്കും. വയ്പ്പു പല്ലുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പോളി മീഥെയിൽ മെത്താക്രിലേറ്റിന്റെ (പി.എം.എം.എ) 0.4 മില്ലിമീറ്റർ കട്ടിയുള്ള ഫിലമെന്റുകളാണ് (നൂലുകൾ) അസ്ഥി പ്രിന്റ് ചെയ്യാൻ ഉപയോഗിക്കുന്നത്. എല്ലിന് ഉറപ്പ് നൽകുന്ന ഹൈഡ്രോക്സി അപറ്റൈറ്റ് എന്ന ധാതു ഫിലമെന്റിൽ ചേർത്തിരിക്കും. മെഷീൻ ഓൺ ചെയ്യുമ്പോൾ ഓരോ ഫിലമെന്റും അസ്ഥിയുടെ രൂപരേഖയ്ക്കനുസരിച്ച് ഒന്നിന് മീതേ ഒന്നായി അടുക്കുകളായി പതിക്കും. 45 സെന്റിമീറ്റർ നീളത്തിലും 20 സെന്റിമീറ്റർ വീതിയിലും വരെ അസ്ഥികൾ പ്രിന്റ് ചെയ്യാം. കുഞ്ഞ് അസ്ഥികൾ ഒരു മണിക്കൂറിൽ പ്രിന്റ് ചെയ്യാം. യഥാർത്ഥ അസ്ഥി പോലെ തന്നെ. ഇവ അണുവിമുക്തമാക്കി ഉടൻ ശരീരത്തിൽ വച്ചുപിടിപ്പിക്കാം.
വിജയപരീക്ഷണം
അസ്ഥി പൊട്ടിയവരുടെ ബുദ്ധിമുട്ട് കണ്ടപ്പോഴാണ് ഈ ആശയം ഡോ.ആദർശിന്റെ മനസിലുദിച്ചത്. വികസിപ്പിക്കാൻ നാലുവർഷമെടുത്തു. ഡെന്റൽ കോളേജിലെ ലാബ് പരീക്ഷണക്കളരിയായി. അഞ്ചുലക്ഷം ചെലവായി. സ്വകാര്യസമ്പാദ്യമാണ് ഉപയോഗിച്ചത്. പ്രിന്റ് ചെയ്ത അസ്ഥികൾ രോഗികളിൽ ഉപയോഗിക്കാൻ അന്താരാഷ്ട്ര ഡെന്റൽ സംഘടനയായ ഫെഡറേഷൻ ഡെന്റൽ അനുമതി നൽകിയതോടെ ഡെന്റൽ കോളേജിലെ ഏഴ് രോഗികളിൽ വിജയകരമായി ഉപയോഗിച്ചു. ആദർശാണ് ശസ്ത്രക്രിയ നയിക്കുന്നത്.
സ്വകാര്യ ആശുപത്രികളുമായി സഹകരിക്കാനും ശ്രമിക്കുന്നുണ്ട്. സ്റ്റാർട്ടപ്പ് മിഷനിൽ ഫണ്ടിന് അപേക്ഷിച്ചിട്ടുണ്ട്.
*ഒരു സെന്റീമീറ്റർ അസ്ഥിക്ക് വില 400 രൂപ.
*കീഴ്‌ത്താടിക്ക് 3500
*ശസ്ത്രക്രിയയ്‌ക്ക് 35,000
രണ്ട് ദിവസത്തെ പരിശീലനത്തിൽ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ബോൺ പ്രിന്റർ
ഉപയോഗിക്കാം. മറ്റ് ശരീരഭാഗങ്ങളും പ്രിന്റ് ചെയ്യാൻ ഉദ്ദേശിക്കുന്നു
ഡോ.ആദർശ്