ഈ അനധികൃത ചിട്ടി കമ്പനികളുമായി ബന്ധം വേണ്ട; മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം:സംസ്ഥാനത്തെ അനധികൃത ചിട്ടി കമ്പനികള്‍ക്കെതിരെ ജാഗ്രത വേണമെന്ന് പൊലീസ്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തരുതെന്ന് ക്രൈം ബ്രാഞ്ച് മേധാവി അറിയിച്ചു. ആവശ്യമായ രേഖകള്‍ ഇല്ലാതെയും പുതുക്കാതെയും പ്രവര്‍ത്തിക്കുന്ന 168 സ്ഥാപനങ്ങളുടെ പട്ടികയും പൊലീസ് പ്രസിദ്ധീകരിച്ചു. തട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ബഡ്‌സ് നിയമ പ്രകാരം നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ക്രൈം ബ്രാഞ്ച് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അനധികൃത ചിട്ടി കമ്പനികള്‍ക്കെതിരെ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. പ്രസിദ്ധീകരിച്ച പട്ടികയിലുള്ള സ്ഥാപനങ്ങളുമായി സാമ്പത്തിക ഇടപാട് പാടില്ലെന്ന് ക്രൈം ബ്രാഞ്ച് മേധാവി അറിയിച്ചു. രജിസ്ട്രാര്‍ ഓഫ് കമ്പനി സര്‍ക്കാരിന് കൈമാറിയ കമ്പനികളുടെ പേര് പൊലീസിന്റെ ഔദ്യോഗിക സൈറ്റിലാണ് പ്രസിദ്ധീകരിച്ചത്. ഇത്തരം സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നത് സാമ്പത്തിക തട്ടിപ്പിനും ചതിക്കും വഴിവെയ്ക്കും. കഴിഞ്ഞ കുറച്ച് നാളുകളായി സംസ്ഥാനത്ത് സാമ്പത്തിക തട്ടിപ്പ് പരാതികള്‍ വ്യാപകമാവുന്നുണ്ട്. ഈസാഹചര്യത്തില്‍ കൂടിയാണ് വിശദ വിവരങ്ങളടക്കം പങ്കുവെച്ചുള്ള പൊലീസിന്റെ അറിയിപ്പ്. ഇതിനിടെ ഓൺലൈൻ തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണമെന്ന് പൊലീസ് ഫെയ്സ് ബുക്കിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു.
പൊലീസ് പ്രസിദ്ധീകരിച്ച പട്ടിക ഇവിടെ പരിശോധിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://keralapolice.gov.in/page/announcements