പേരാവൂർ ക്ഷീര സംഘം; അഡ്മിനിസ്‌ട്രേറ്ററെ മാറ്റി പകരം അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിക്ക് ഭരണ ചുമതല നല്കാൻ നീക്കം

പേരാവൂർ : സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് വിവാദത്തിലായ പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിൽ നിലവിലെ അഡ്മിനിസ്‌ട്രേറ്ററെ മാറ്റി പകരം അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിക്ക് ഭരണ ചുമതല നല്കാൻ നീക്കം. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയിലേക്കുള്ള സി.പി.എം പ്രതിനിധികളായ മൂന്നംഗങ്ങൾ പേരാവൂർ ക്ഷീര വികസന വകുപ്പ് ഓഫീസിൽ ഇത് സംബന്ധിച്ച് അപേക്ഷ നല്കിയിട്ടുണ്ട്.
ക്ഷീരവികസന വകുപ്പ് ജില്ലാ ഓഫീസറാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. ഇതിനായി വകുപ്പിന് മേൽ ജില്ലാ തലത്തിൽ തന്നെ സമ്മർദ്ദമുണ്ടെന്നാണ് സൂചന. ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേടുകളെ തുടർന്ന് ജില്ലാ ക്ഷീര വികസന വകുപ്പ് ഓഫീസർ ഒ. സജ്‌നിയാണ് സി.പി.എം നിയന്ത്രണത്തിലുള്ള പേരാവൂർ ക്ഷീര സംഘത്തെ കഴിഞ്ഞ മാസം ഒൻപതിന് പിരിച്ചുവിട്ട് ഡെയറി ഫാം ഇൻസ്‌പെക്ടർ ബിനുരാജിനെ മൂന്ന് മാസത്തേക്ക് അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചത്.
അഡ്മിനിസ്‌ട്രേറ്ററുടെ നേതൃത്വത്തിൽ ഡിസംബർ 30ന് ഭരണസമിതി തിരഞ്ഞെടുപ്പ് നടത്താനിരിക്കെയാണ് അഡ്മിനിസ്‌ട്രേറ്ററെ മാറ്റി പകരം അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ നിയമിക്കാൻ നീക്കം നടത്തുന്നത്. കഴിഞ്ഞ ഏഴ് വർഷങ്ങളായി സംഘത്തിൽ ഓഡിറ്റിങ്ങ് നടന്നിട്ടില്ല. പിരിച്ചുവിടപ്പെട്ട ഭരണസമിതിയുടെ പ്രസിഡന്റായിരുന്ന സി.പി.എം പേരാവൂർ ഏരിയാക്കമ്മിറ്റിയംഗം കെ. ശശീന്ദ്രനെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.