ശബരിമല തീർഥാടകർക്കായി വനംവകുപ്പിന്റെ ‘അയ്യൻ’ മൊബൈൽ ആപ്പ്

പട്ടാമ്പി: ശബരിമലതീർഥാടകർക്ക് ശരണവഴിയിൽ തുണയാവാൻ ഇനി മൊബൈൽ ആപ്പും. 2023-24 വർഷത്തെ മണ്ഡലം മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി തീർഥാടകർക്ക് സഹായകമാകുന്ന തരത്തിൽ വനംവകുപ്പാണ് ‘അയ്യൻ’ എന്ന പേരിൽ മൊബൈൽ ആപ്പ് പുറത്തിറക്കിയത്. പെരിയാർ ടൈഗർ റിസർവ് വെസ്റ്റ് ഡിവിഷന്റെ നേതൃത്വത്തിലാണ് ആപ്പ് നിർമിച്ചത്.
പരമ്പരാഗത കാനനപാതകളിലെ സേവനകേന്ദ്രങ്ങൾ, മെഡിക്കൽ എമർജൻസി യൂണിറ്റ്, താമസസൗകര്യം, എലിഫന്റ് സ്‌ക്വാഡ് ടീം, പൊതുശൗചാലയങ്ങൾ, ഓരോ താവളത്തിൽനിന്നും സന്നിധാനത്തേക്കുള്ള ദൂരം, അഗ്നിരക്ഷാസേന, പോലീസ് എയ്ഡ് പോസ്റ്റ്, ഇക്കോ ഷോപ്പ്, കുടിവെള്ളവിതരണ കേന്ദ്രങ്ങൾ, ഒരു സ്ഥലത്തുനിന്നും അടുത്ത കേന്ദ്രങ്ങളിലേക്കുള്ള ദൂരം എന്നിവ സംബന്ധിച്ച വിവരങ്ങൾ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നു ഇൻസ്റ്റാൾ ചെയ്യാവുന്ന ‘അയ്യൻ’ ആപ്പ് മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ അഞ്ചു ഭാഷകളിൽ ലഭ്യമാണ്. കാനനപാതയുടെ കവാടങ്ങളിലുള്ള ക്യൂ ആർ കോഡ് സ്‌കാൻ ചെയ്തും ആപ്പ് ഡൗൺലോഡ് ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.