ചാലക്കുന്ന് കാത്തിരിക്കുന്നു റെയിൽവേ ഓവർബ്രിഡ്ജ്

Share our post

കണ്ണൂർ: അപകടങ്ങൾ പതിവായ ചാലക്കുന്നിൽ റെയിൽവേ ഓവർബ്രിഡ്ജിനായുള്ള കാത്തിരിപ്പ് നീളുന്നു. ചാലക്കുന്നിനെയും തോട്ടടയെയും ബന്ധിപ്പിക്കുന്ന ഓവർബ്രിഡ്ജ് യാഥാർത്ഥ്യമാകാൻ വൈകുന്നത് ജനങ്ങളുടെ ദുരിതയാത്രയും ദീർഘിപ്പിക്കുകയാണ്.

കൂത്തുപറമ്പ്, കാടാച്ചിറ, മമ്പറം, പെരളശേരി, ചാല, അഞ്ചരക്കണ്ടി, ചക്കരക്കൽ ഭാഗങ്ങളിൽ നിന്ന് നിരവധി പേരാണ് വിവിധ ആവശ്യങ്ങൾക്കായി ചാലക്കുന്നിൽ ബസിറങ്ങി റെയിൽവേ പാളം കടന്ന് തോട്ടട ഭാഗത്തേക്ക് പോകുന്നത്. വലിയ അപകടസാധ്യതയാണ് ഇതുയർത്തുന്നത്. ചാലക്കുന്നിൽ പാളത്തിന് വലിയ വളവുള്ളതിനാൽ ട്രെയിൻ വരുന്നത് പെട്ടെന്ന് കാണാനാവില്ല.

ഇലക്ട്രിക് എൻജിനായതിനാൽ വണ്ടിക്ക് ശബ്ദവും കുറവാണ്. നിരവധി പേരാണ് ചാലയിലും പരിസരങ്ങളിലും ട്രെയിൻ തട്ടി മരിച്ചത്. പരിക്കേറ്റവരും ഏറെയാണ്. കഴിഞ്ഞമാസം ഐ.ടി.ഐയിലെ വിദ്യാർത്ഥി കിഴുത്തുള്ളി ഓവുപാലത്തിന് സമീപം പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി മരിച്ചതാണ് അവസാനത്തെ സംഭവം. മറ്റൊരു വിദ്യാർത്ഥി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.

മേൽപ്പാലം നിർമിച്ചാൽ ചാലക്കുന്നിൽ നിന്ന് തോട്ടടയിലേക്ക് ആളുകൾക്ക് സുരക്ഷിതമായി എത്താൻ കഴിയും. നിലവിൽ താഴെചൊവ്വ വഴിയോ അമ്മൂപ്പറമ്പ് വഴിയോ ആണ് വാഹനങ്ങൾ തോട്ടടയിലെത്തുന്നത്. തോട്ടട ഐ.ടി.ഐ, പോളിടെക്‌നിക്, എസ്.എൻ കോളജ് തുടങ്ങിയ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് നിരവധി വിദ്യാർത്ഥികളാണ് പാളംമുറിച്ച് കടന്ന് ചാല ബൈപാസിലേക്കും കിഴുത്തള്ളിയിലേക്കും എത്തുന്നത്.

വാഹന ഷോറൂമുകൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലിചെയ്യുന്നവരും പാളം കടന്നെത്തുന്നു. പാലം വരുന്നതോടെ ചെറിയ വാഹനങ്ങൾക്ക് എളുപ്പത്തിൽ തോട്ടടയിൽ എത്താനാവും. മേൽപ്പാലത്തെ പുതിയ ബൈപ്പാസ് റോഡുമായി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്.

എസ്റ്റിമേറ്റ് മാറ്റി, നിർമ്മാണം വൈകി

ചാലക്കുന്നിൽ മേൽപ്പാലമെത്താൻ സംസ്ഥാന സർക്കാർ ഇതുവരെ 7.02 കോടി രൂപ റെയിൽവേയ്ക്ക് കൈമാറിയിട്ടുണ്ട്. എന്നാൽ എസ്റ്റിമേറ്റിൽ മാറ്റം വരുത്തിയതിനാൽ 1.05 കോടി കൂടി റെയിൽവേ ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യം ഉദ്ദേശിച്ചത് നടപ്പാത മാത്രമായിരുന്നു. എന്നാൽ പിന്നീട് ചെറിയ വാഹനങ്ങൾക്ക് പോകാനുള്ള രീതിയിൽ പാലം നിർമ്മിക്കാൻ തീരുമാനിച്ചു. ഇതിനെ തുടർന്നാണ് റെയിൽവേ അധിക തുക ആവശ്യപ്പെട്ടത്.

എം.എൽ.എ ഫണ്ട് ഉപയോഗിച്ച് ഓവർബ്രിഡ്ജ് നിർമ്മിക്കുമ്പോൾ 25 ശതമാനം കുറച്ചാണ് എസ്റ്റിമേറ്റ് തയാറാക്കുക. ബഡ്ജറ്റിൽ വകയിരുത്തിയ തുക എം.എൽ.എ ഫണ്ടാണെന്ന് തെറ്റിദ്ധരിച്ച് റെയിൽവേ നിശ്ചിത ശതമാനം കുറച്ച് നൽകിയ എസ്റ്റിമേറ്റാണ് തിരുത്തിയത്.

ഓവർബ്രിഡ്ജിനായി 1.05 കോടി രൂപകൂടി റെയിൽവേയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് കത്തയച്ചിട്ടുണ്ട്. തുക ഉടൻ അനുവദിക്കുമെന്നാണ് പ്രതീക്ഷ. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!