നീന്തൽ പഠിപ്പിക്കാമെന്ന് പറഞ്ഞ് ആൺകുട്ടികളെ പീഡിപ്പിച്ചു; 80-കാരന് 16 വർഷം തടവും ഒരുലക്ഷം രൂപ പിഴയും

തലശ്ശേരി: പന്ത്രണ്ടും പതിനാലും വയസ്സുള്ള ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്ന രണ്ട് കേസുകളില്‍ പ്രതിയെ 16 വര്‍ഷം തടവിനും ഒരുലക്ഷം രൂപ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു. നീര്‍വേലി ഇടയില്‍പ്പീടിക ഹൗസില്‍ മൊയ്തൂട്ടി വമ്പനെയാണ് (80) തലശ്ശേരി അതിവേഗ പോക്‌സോ കോടതി ജഡ്ജി ടിറ്റി ജോര്‍ജ് ശിക്ഷിച്ചത്.
നീന്തല്‍ പഠിപ്പിക്കാമെന്ന വ്യാജേന പീഡിപ്പിച്ചെന്നാണ് കേസ്. 12 വയസ്സുകാരനെ വീട്ടിലും നീര്‍വേലി പുഴക്കടവിലും വണ്ണാത്തിപ്പാറയിലും വെച്ച് പീഡിപ്പിച്ചതിന് വിവിധ വകുപ്പുകളിലായി 13 വര്‍ഷം കഠിനതടവിനും 75,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ ഒന്‍പതുമാസംകൂടി തടവനുഭവിക്കണം. 2018 ജൂണ്‍ ഒന്‍പതുമുതലാണ് പീഡിപ്പിച്ചത്.
നീര്‍വേലി പുഴക്കരയില്‍ പതിനാലുകാരനെ പീഡിപ്പിച്ചതിന് മൂന്നുവര്‍ഷം തടവിനും 25,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസംകൂടി തടവനുഭവിക്കണം. 2018 മേയ് ആറുമുതലാണ് പീഡനം നടന്നത്. 2018-ല്‍ കൂത്തുപറമ്പ് പോലീസ് ഇന്‍സ്‌പെക്ടര്‍ ബി.രാജേന്ദ്രന്‍ രജിസ്റ്റര്‍ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടര്‍ കെ.മുരളീധരനാണ് അന്വേഷണം നടത്തി കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എം.ബാസുരി ഹാജരായി.