സംസ്ഥാനത്ത് ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശിക വിതരണം ഇന്ന് തുടങ്ങും

Share our post

തിരുവനന്തപുരം : സംസ്ഥാനത്ത് നാല് മാസത്തെ പെന്‍ഷന്‍ കുടിശികയില്‍ ഒരു മാസത്തെ വിതരണം ഇന്ന് തുടങ്ങും. നവംബര്‍ 26 നകം പെന്‍ഷന്‍ പൂര്‍ത്തിയാക്കണമെന്നാണ്‌ നിര്‍ദ്ദേശം. ഒരുമാസത്തെ ക്ഷേമ പെന്‍ഷന്‍ ഉടന്‍ അനുവദിക്കുമെന്ന് പ്രഖ്യാപിച്ച് ഒരാഴ്ചയായിട്ടും പണം അനുവദിച്ചുള്ള ഉത്തരവ് പുറത്ത് വന്നിരുന്നില്ല.

പെന്‍ഷന്‍ വിതരണത്തിനുള്ള 900 കോടി സമാഹരിച്ചെടുക്കുന്നതിലെ കാല താമസമാണ് അനിശ്ചിതത്വത്തിന് ഇടയാക്കിയതെന്നാണ് വിവരം. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നവകേരള സദസ് മണ്ഡല പര്യടനത്തിന് നാളെ തുടക്കം കുറിക്കാനിരിക്കെയാണ് ഇന്ന് പെന്‍ഷന്‍ വിതരണത്തിന് ഉത്തരവിറക്കിയത്.

നാല് മാസത്തെ പെന്‍ഷനാണ് നിലവില്‍ കുടിശ്ശികയുള്ളത്. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇത്ര വലിയ കുടിശ്ശിക ക്ഷേമ പെന്‍ഷനിലുണ്ടാകുന്നത് ആദ്യമാണ്. പ്രതിസന്ധി കാലത്തെ സര്‍ക്കാര്‍ മുന്‍ഗണനകളെ കുറിച്ച് വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടയാണ് ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ അനുവദിച്ചെന്ന് ധനവകുപ്പ് അറിയിച്ചത്. 50,90390 പേരാണ് നിലവില്‍ ലിസ്റ്റിലുള്ളതെന്നാണ് തദ്ദേശ വകുപ്പ് കണക്ക്. പെന്‍ഷന്‍ കിട്ടുന്ന ഓരോരുത്തര്‍ക്കും 6400 രൂപ വീതമാണ് ഇപ്പോള്‍ കിട്ടാനുള്ളത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!