“ലേറ്റായാലും ലേറ്റസ്റ്റാ വരുവേൻ’: ചാറ്റ് ജി.പി.ടി 5 വരുന്നുവെന്ന് സൂചന

സാന്‍ഫ്രാന്‍സിസ്‌കോ: ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് രംഗത്ത് വിപ്ലവം സൃഷ്ടിച്ച ചാറ്റ് ജി.പി.ടിയുടെ പുത്തന്‍ വേര്‍ഷന്‍ വരുന്നുവെന്ന സൂചനയുമായി ഓപ്പണ്‍ എ.ഐ മേധാവി സാം ആള്‍ട്ട്മാന്‍. ജി.പി.ടി 5ന് വേണ്ടിയുള്ള ജോലികള്‍ സജീവമാണെന്നും പുത്തന്‍ വേര്‍ഷന് ചിലപ്പോള്‍ “സൂപ്പര്‍ ഇന്‍റലിജന്‍സ്’ ശേഷി കൈവരുമെന്നും അദ്ദേഹം സൂചിപ്പിച്ചതായി റിപ്പോര്‍ട്ടുകൾ വന്നിട്ടുണ്ട്.
മനുഷ്യരുടേയും മൃഗങ്ങളുടേയും ബുദ്ധിക്കൊപ്പം നില്‍ക്കാന്‍ കഴിവുള്ള എഐ പ്രോഗ്രാമിംഗ് നിര്‍മിക്കാന്‍ മൈക്രോസോഫ്റ്റില്‍ നിന്നും പണം കണ്ടെത്താനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
2022 നവംബറില്‍ ചാറ്റ് ജി.പി.ടി 3 ഉം 2023ല്‍ ചാറ്റ് ജിപിടി 4 ഉം കമ്പനി അവതരിപ്പിച്ചിരുന്നു. കൃത്യത ഉറപ്പാക്കുന്ന ലാഗ്വോജ് അധിഷ്ഠിത ചാറ്റ്‌ബോട്ട് എന്ന നിലയില്‍ ഇതിന് ആഗോളതലത്തിൽ ഏറെ സ്വീകാര്യത ലഭിച്ചു. പെയ്ഡ് വേര്‍ഷനായും ചാറ്റ് ജിപിടിയുടെ സേവനം ലഭ്യമാണ്.
യന്ത്രങ്ങളുടെ ബുദ്ധിയും മനുഷ്യന്‍റേതിന് തുല്യമാക്കുന്ന സൂപ്പര്‍ ഇന്‍റലിജന്‍സ് പ്രോഗ്രാമിംഗ് വികസിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് കമ്പനിയെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ചാറ്റ് ജിപിടി 5 എപ്പോള്‍ പുറത്തിറങ്ങുമെന്ന് ഇപ്പോള്‍ വ്യക്തമായിട്ടില്ല.
ഇതിന്‍റെ വികസനത്തിന് ഒട്ടേറെ ഡാറ്റ വേണ്ടിവരുമെന്നും സൂചനകളുണ്ട്. മറ്റ് കമ്പനികളുടെ ഡാറ്റ കൂടി ഉള്‍പ്പെടുത്തിയാകും ചാറ്റ് ജിപിടി 5 വികസിപ്പിക്കുക.