വയനാട്ടിൽ നിന്നും രക്ഷപ്പെട്ട മാവോവാദികൾ തലശേരിയിൽ; ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി

കണ്ണൂർ: വയനാട്ടിലെ പേരിയയിലെ ഏറ്റുമുട്ടലിൽ രക്ഷപ്പെട്ട മാവോവാദികൾക്കായി പോലീസ് ലുക്കഔട്ട് നോട്ടീസ് പുറത്തിറക്കി. സുന്ദരി, ലത എന്നിവർക്കായുള്ള ലുക്ക്ഔട്ട് നോട്ടീസാണ് കണ്ണൂർ സിറ്റി പോലീസ് പുറത്തിറക്കിയത്.
പേരിയയിലുണ്ടായ സംഘർഷത്തിൽ രണ്ടുപേരെയാണ് തണ്ടർബോൾട്ടിന് പിടികൂടാൻ സാധിച്ചത്. നാലു പേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഇതിൽ രക്ഷപ്പെട്ട രണ്ടു പേരാണ് സുന്ദരിയും ലതയും.
ഇവർ ബസിൽ തലശേരിയിലെത്തിയെന്നാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന വിവരം. അതിനാൽ വ്യാപക അന്വേഷണമാണ് ഇവർക്കായി തലശേരിയിലും പരിസരപ്രദേശങ്ങളിലും പോലീസും ക്രൈംബ്രാഞ്ചും നടത്തുന്നത്.
ആശുപത്രികൾ, ബസ് സ്റ്റാൻഡ്, റെയിൽവേസ്റ്റേഷൻ തുടങ്ങിയിടങ്ങളിൽ പരിശോധന ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ലുക്ക്ഔട്ട് നോട്ടീസ് പോലീസ് ഇറക്കിയിരിക്കുന്നത്.
ഏറ്റുമുട്ടലിൽ ഇവർക്ക് പരിക്കേറ്റിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസിനെ അറിയിക്കാനാണ് നിർദേശം.