ആറളം പട്ടികവർഗ്ഗ പുനരധിവാസ മേഖലയിൽ തണൽ പുൽ തൈല നിർമ്മാണ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

ആറളം: ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ 2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ പ്രവർത്തിക്കുന്ന ആറളം പട്ടികവർഗ പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് അഞ്ച് സ്ത്രീ സംരഭകരുടെ നേതൃത്വത്തിൽ ആറളം ഫാം ബ്ലോക്ക് 10 കോട്ടപ്പാറയിൽ പുൽ തൈല നിർമ്മാണ യൂണിറ്റ് ആരംഭിച്ചത്.
അഞ്ച് ലക്ഷം രൂപ മുതൽ മുടക്കിൽ ആരംഭിച്ച പദ്ധതിക്ക് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് 75 ശതമാനത്തോളം തുക സബ്സിഡിയായി അനുവദിച്ചു. ആറളം പുനരധിവാസ മേഖലയിൽ സുലഭമായി കാണപ്പെടുന്ന തെരുവ പുല്ല് വെട്ടി ശേഖരിച്ച് ആധുനിക രീതിയിൽ വാറ്റി തൈലമാക്കി വിപണിയിൽ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.കൂടെ പുൽ തൈലത്തിന്റെ മറ്റ് മൂല്യവർധിത ഉൽപ്പന്നങ്ങളും വിപണിയിൽ എത്തിക്കും.
ആറളം പഞ്ചായത്ത് ആറാം വാർഡ് മെമ്പർ മിനി ദിനേശന്റെ അധ്യക്ഷതയിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ സംരംഭം ഉദ്ഘാടനം ചെയ്തു. ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജേഷ് ആദ്യ വിൽപ്പന നടത്തി .കുടുംബശ്രീ എ.ഡി.എം.സി പി.ഒ. ദീപ പദ്ധതി വിശദീകരണം നടത്തി. ആറളം ഫാമിംഗ് കോർപ്പറേഷൻ ലിമിറ്റഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ. നിധീഷ് കുമാർ മുഖ്യാതിഥിയായി.
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി. ശോഭ , ബി.ഡി.ഒ മീര ബായ്, ഗ്രാമീൺ ബാങ്ക് കീഴ്പ്പള്ളി ശാഖ മാനേജർ ശ്രീരാജ് കൃഷ്ണകുമാർ, കുടുംബശ്രീ ബ്ലോക്ക് കോഡിനേറ്റർ എ.നീലിമ , എൻ.പി ട്രേഡേഴ്സ് ഉടമ ശ്രീ ഷൈജു , കുടുംബശ്രീ ആറളം പട്ടിക വർഗ പ്രത്യേക പദ്ധതി കൗൺസിലർ ജിതേഷ് ടി.വി എന്നിവർ സംസാരിച്ചു. ആറളം സി.ഡി.എസ് ചെയർപേഴ്സൺ സുമ ദിനേശൻ സ്വാഗതവും ആറളം പട്ടികവർഗ്ഗ പ്രത്യേക പദ്ധതി കോഡിനേറ്റർ പി. സനൂപ് നന്ദിയും പറഞ്ഞു.