പയ്യന്നൂരിലെ നെഹ്റു മൈതാനം പുനർജനിക്കുന്നു

പയ്യന്നൂർ : നെഹ്റു മൈതാനം പുനർജനിക്കുന്നു. 1928 മേയ് 25 മുതൽ 27 വരെ ജവഹർലാൽ നെഹ്റുവിന്റെ അധ്യക്ഷതയിൽ പയ്യന്നൂർ കോൺഗ്രസ് സമ്മേളനം നടന്ന മൈതാനമാണ് നെഹ്റു മൈതാനം. ആശുപത്രി റോഡിലെ ഈ മൈതാനം ആഭ്യന്തര വകുപ്പിന്റെ കയ്യിലെത്തിയതോടെ പൊലീസ് മൈതാനമായി മാറ്റി. ഒരു ഭാഗത്ത് പൊലീസ് സ്റ്റേഷനും മറുഭാഗത്ത് പൊലീസ് ക്വാർട്ടേഴ്സും നിർമിച്ച് മൈതാനത്തിന്റെ വലുപ്പം കുറച്ചു.
പയ്യന്നൂരിന്റെ പ്രധാന കളി സ്ഥലമായിരുന്ന മൈതാനത്തിന് പൊലീസ് മതിൽ കെട്ടി. അതോടെ പൊതു കളിസ്ഥലം പൊലീസ് തൊണ്ടി വാഹനങ്ങളുടെ സൂക്ഷിപ്പ് കേന്ദ്രമാക്കി. 10 വർഷത്തിലധികമായി വാഹനങ്ങളുടെ ശവപ്പറമ്പായി മാറിയ ഈ മൈതാനം ടി.ഐ. മധുസൂദനൻ എം.എൽ.എ.യുടെ ശ്രമഫലമായി പുനർജനിക്കുകയാണ്.
തൊണ്ടി മുതലുകളായ വാഹനങ്ങൾ സൂക്ഷിക്കാൻ കോറോത്ത് രണ്ടേക്കർ സ്ഥലം കണ്ടെത്തി ആഭ്യന്തര വകുപ്പിന് നൽകി ഡംപിങ് യാഡ് ഒരുക്കി വാഹനങ്ങൾ അങ്ങോട്ടു മാറ്റി. മൈതാനം പൂർണമായും കളി സ്ഥലമായും സമ്മേളന സ്ഥലമായും മാറുകയാണ്. 20ന് രാവിലെ 10ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് ഈ മൈതാനിയിലാണ് നടക്കുന്നത്. 15,000ത്തിലധികം പേർക്ക് പങ്കടുക്കാനാകും.