കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ഹൗസ് സർജൻമാരുടെ പ്രകടനവും ധർണയും

പരിയാരം : സ്റ്റൈപ്പൻഡ് നൽകാത്തതിൽ പ്രതിഷേധിച്ച് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ഹൗസ് സർജൻമാർ പ്രകടനവും ധർണയും നടത്തി. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ജൂലായിൽ ഹൗസ് സർജൻസി തുടങ്ങിയവർക്ക് സ്റ്റൈപ്പൻഡ് നിഷേധിക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു സമരം. രണ്ട് ബാച്ചുകളിലുള്ള 158 ഹൗസ് സർജൻമാർ സ്റ്റൈപ്പൻഡിന് അർഹരാണെങ്കിലും അനുവദിക്കുന്നില്ല. 2017 ബാച്ചിന് സ്റ്റൈപ്പൻഡ് നൽകുമ്പോൾ 2018 ബാച്ചിലെ 54 പേർക്ക് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് വന്നാൽ മാത്രമേ സ്റ്റൈപ്പന്റ് നൽകാനാവൂ എന്നത് വിവേചനമാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
29-മുതൽ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് ഹൗസ് സർജൻസ് അസോസിയേഷൻ ഭാരവാഹികളായ സൗരവ് എം.സുധീഷും സെക്രട്ടറി നീരജ കൃഷ്ണനും അറിയിച്ചു. വൈസ് ചെയർമാൻ മുഹമ്മദ് അസ്ലം, എക്സിക്യുട്ടീവംഗം മുഹമ്മദ് ഫൈസൽ എന്നിവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വംനൽകി.