പതിനെട്ട് വയസ്സിന് താഴെ പ്രായമുള്ള എല്ലാ മനുഷ്യജീവിയും കുട്ടിയാണ്; അറിയാം കുട്ടികളുടെ അവകാശങ്ങള്‍

Share our post

കുട്ടികളെ ഏറെ സ്‌നേഹിച്ചിരുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമായ നവംബര്‍ 14 രാജ്യമെങ്ങും ശിശുദിനമായാണ് ആചരിക്കുന്നത്.

1959-ല്‍ ഐക്യരാഷ്ട്രസഭ ‘കുട്ടികളുടെ അവകാശ പ്രഖ്യാപന’വും 1989-ല്‍ ‘കുട്ടികളുടെ അവകാശ ഉടമ്പടി’യും അംഗീകരിച്ച തീയതി എന്ന നിലയില്‍ നവംബര്‍ 20 എല്ലാ വര്‍ഷവും അന്താരാഷ്ട്ര ശിശുദിനമായി ലോകരാജ്യങ്ങള്‍ ആചരിക്കുന്നു. ചില രാജ്യങ്ങളില്‍ ഈ ദിനം ‘ബാലാവകാശദിന’മായും ആചരിക്കുന്നു. കുട്ടികളുടെ അവകാശങ്ങളെപ്പറ്റി സമൂഹത്തെ ബോധവത്കരിക്കുകയാണ് ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം.

കുട്ടികളുടെ അവകാശ സംരക്ഷണ രംഗത്ത് സുപ്രധാന നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കപ്പെടുന്ന 1989-ലെ ‘കുട്ടികളുടെ അവകാശ ഉടമ്പടി’യില്‍ 54 വകുപ്പുകളാണ് ഉള്ളത്. 1992 ഡിസംബര്‍ 11-നാണ് ഇന്ത്യ ഉടമ്പടിയില്‍ ഒപ്പുവെച്ചത്. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് നമ്മുടെ രാജ്യവും പ്രതിജ്ഞാബദ്ധമാണ്. ഉടമ്പടി പ്രകാരം, ഐക്യരാഷ്ട്ര സംഘടനയിലെ അംഗരാഷ്ട്രങ്ങള്‍ കുട്ടികള്‍ക്ക് ഉറപ്പ് നല്‍കുന്ന പ്രധാന അവകാശങ്ങൾ ഇവയാണ്.

ആരാണ് കുട്ടി?

ഉടമ്പടിയുടെ ഒന്നാം വകുപ്പ് പ്രകാരം, 18 വയസ്സിന് താഴെ പ്രായമുള്ള എല്ലാ മനുഷ്യജീവിയും കുട്ടിയാണ്. ഇഷ്ടമുള്ള പേരും ദേശീയതയും കുട്ടികള്‍ക്ക് സ്വീകരിക്കാം. പ്രസവം കഴിഞ്ഞ ഉടന്‍ കുഞ്ഞിന്റെ ജനനം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യേണ്ടത് രക്ഷിതാക്കളുടെ ഉത്തരവാദിത്വമാണ്. അതിജീവനം, വികസനം, സംരക്ഷണം, പങ്കാളിത്തം എന്നിവയ്ക്കുള്ള അവകാശം ഓരോ കുട്ടിക്കുമുണ്ട്.

വിവേചനം വേണ്ട

മതം, ജാതി, ഭാഷ, രാഷ്ട്രീയം തുടങ്ങി ഒന്നിന്റെയും പേരില്‍ കുട്ടികളോട് ഒരു വിധത്തിലുള്ള വിവേചനവും കാണിക്കരുത്. ശിക്ഷകളില്‍ നിന്ന് കുട്ടികള്‍ക്ക് സംരക്ഷണം നല്‍കണം. കുട്ടികളെ ബാധിക്കുന്ന തീരുമാനങ്ങൾ എടുക്കുമ്പോള്‍ അവരുടെ ഉത്തമ താത്പര്യവും അഭിപ്രായവും പരിഗണിക്കണം. സ്ഥാപനങ്ങള്‍ കോടതികള്‍ ഭരണാധികാരികള്‍ തുടങ്ങിയവർക്ക് എല്ലാം ഇത് ബാധകമാണ്. ജനിക്കാനും ജീവിക്കാനും സന്തോഷത്തോടെ വളരാനുമുള്ള അവസരം കുട്ടികള്‍ക്ക് ലഭിക്കണം.

സന്തോഷമുള്ള വീട്ടിൽ 

കുട്ടിയുടെ സമ്പൂര്‍ണവും ഐശ്വര്യപൂര്‍ണവുമായ വ്യക്തിത്വ വികസനത്തിന് സന്തോഷവും സ്നേഹവും പരസ്പര ധാരണയും നിറഞ്ഞ കുടുംബ അന്തരീക്ഷത്തില്‍ കുട്ടി വളരണം. കുട്ടികള്‍ സമര്‍ഥരായി വളരുന്നതിന് മാതാപിതാക്കള്‍ അവര്‍ക്ക് ഉചിതമായ മാര്‍ഗ നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കണം. കുട്ടിയുടെ പരിപാലനത്തില്‍ അച്ഛനും അമ്മയ്ക്കും ഒരു പോലെ ഉത്തരവാദിത്വം ഉണ്ട്. കുട്ടികളും മാതാപിതാക്കളും തമ്മില്‍ സ്നേഹത്തോടെ കഴിയണം. എന്നാല്‍, മാതാപിതാക്കളുടെയോ ബന്ധുക്കളുടെയോ ഭാഗത്ത് നിന്ന് അവഗണന, അവഹേളനം, ചൂഷണം, അതിക്രമം തുടങ്ങിയ പീഡനങ്ങളുണ്ടായാല്‍ കുട്ടിക്ക് ഉചിതമായ സംരക്ഷണം നല്‍കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കും.

വേണം സംരക്ഷണം

ഏതെങ്കിലും വിധത്തില്‍ വീടോ കുടുംബമോ നഷ്ടപ്പെടുന്ന കുട്ടികള്‍ക്ക് സര്‍ക്കാര്‍ ഉചിതമായ സംരക്ഷണം നല്‍കണം. അത്തരം കുട്ടികള്‍ക്ക് കുടുംബ സംവിധാനം കണ്ടെത്താന്‍ ദത്ത്പോലുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണം. കുട്ടികളെ പരിപാലിക്കുന്നതിനും ഉള്ള സ്ഥാപനങ്ങള്‍ക്ക് ഗുണനിലവാരം ഉറപ്പ് വരുത്തണം. ശാരീരികമോ മാനസികമോ ആയ വൈകല്യമുള്ള കുട്ടികള്‍ക്ക് പൂര്‍ണവും മാന്യവുമായ ജീവിതം നയിക്കുന്നതിനുള്ള അവസമുണ്ടാക്കണം. അത്തരം കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം, പരിശീലനം, ആരോഗ്യ സേവനങ്ങള്‍ തുടങ്ങിയവ നല്‍കി, സമൂഹത്തില്‍ അവരുടെ അന്തസ്സ് ഉറപ്പ് വരുത്തേണ്ടത് രാഷ്ട്രത്തിന്റെ ഉത്തരവാദിത്വമാണ്.

പ്രത്യേക സാഹചര്യങ്ങളിൽ 

യുദ്ധം, അഭയാര്‍ഥി പ്രവാഹം, സായുധ സംഘട്ടനം, കലാപം, പ്രകൃതി ദുരന്തങ്ങള്‍ തുടങ്ങിയ അടിയന്തര സന്ദര്‍ഭങ്ങളില്‍ കുട്ടികള്‍ക്ക് സംരക്ഷണവും മനുഷ്യസ്നേഹപരമായ സഹായവും ലഭിക്കണം. ബാലവേല, സാമ്പത്തിക ചൂഷണം, മയക്കുമരുന്ന് ഉപയോഗം, ലൈംഗിക ചൂഷണം, തട്ടിക്കൊണ്ട് പോകല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികള്‍ സംരക്ഷിക്കപ്പെടണം. ഏതെങ്കിലും ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെടുന്ന കുട്ടികള്‍ക്ക് ആ വിഭാഗത്തില്‍ പെട്ടവരുമായി ഇടപഴകി ജീവിക്കാനുള്ള അവസരം ലഭിക്കണം.

കുറ്റകൃത്യങ്ങളില്‍ പെടുമ്പോൾ

ചെയ്ത്പോകുന്ന കുറ്റകൃത്യങ്ങളുടെ പേരില്‍, ക്രൂരവും മനുഷ്യത്വ രഹിതവുമായ ശിക്ഷകള്‍ക്ക് ഒരു കുട്ടിയും ഇരയാക്കപ്പെടരുത്. കുറ്റകൃത്യങ്ങളില്‍ പെട്ടുപോകുന്ന കുട്ടികള്‍ക്ക് വധശിക്ഷയോ, ജീവപര്യന്തം തടവോ നല്‍കരുത്. കുറ്റകൃത്യങ്ങള്‍ ചെയ്ത് പോകുന്ന കുട്ടികളുടെ ആത്മാഭിമാനത്തിനും മാന്യതയ്ക്കും കോട്ടം തട്ടുന്ന രീതിയില്‍ അവരോട് പെരുമാറരുത്. മറിച്ച് മനുഷ്യാവകാശങ്ങളോട് ബഹുമാനം വളര്‍ത്തുന്ന രീതിയില്‍ അവരെ പരിഗണിക്കണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!