ഇന്ന് ശിശുദിനം; പാൽമണക്കേണ്ട ചുണ്ടുകളിൽ രക്തമൊഴുകി പലസ്തീനിലെ കുരുന്നുകൾ

കുട്ടികളെ ഏറെ സ്നേഹിക്കുകയും അവരോട് സമയം ചെലവിടാൻ ഇഷ്ടപ്പെടുകയും ചെയ്തിരുന്ന വ്യക്തിയാണ് ജവഹര്‍ലാല്‍ നെഹ്റു. കുരുന്നുകള്‍ സ്നേഹത്തോടെ ‘ചാച്ചാ’ എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. കുട്ടികളോടുളള നെഹ്റുവിന്റെ സ്നേഹവും വാത്സല്യവും കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ ജന്മദിനമായ നവംബര്‍ 14 ശിശുദിനമായി രാജ്യം ആചരിക്കുന്നത്.
1889 നവംബര് 14നാണ് നെഹ്റു ജനിച്ചത്. കുട്ടികളുടെ ഇഷ്ട ചങ്ങാതിയായിരുന്ന നെഹ്റു അവരുടെ ഭാവിക്കായി കരുതലോടെ പ്രവര്‍ത്തിച്ച വ്യക്തിയാണ്. ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാര് എന്ന ഉറച്ചവിശ്വാസമുള്ളയാളായിരുന്നു നെഹ്റു. എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കാൻ അദ്ദേഹം ശ്രമിച്ചു. നെഹ്റുവിന്റെ കാലത്ത് വിദ്യാഭ്യാസ മേഖലയില്‍ നിരവധി മാറ്റങ്ങള്‍ കൊണ്ടുവന്നു.
ശിശുദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം കുട്ടികളുടെ പരിപാടികളും സമ്മേളനങ്ങളും സംഘടിപ്പിക്കും. ചാച്ചാജിയുടെ വേഷമണിഞ്ഞുളള കുരുന്നുകളുടെ കലാപരിപാടികളും സമ്മാന വിതരണവും ഉണ്ടാകും. പൂക്കളെ സ്നേഹിച്ചിരുന്ന ചാച്ചാജിയുടെ ഓര്‍മയ്ക്കായി കുരുന്നുകള്‍ ശിശുദിനത്തില്‍ റോസാപ്പൂ പരസ്പരം കൈമാറാറുണ്ട്.
നമുക്ക് ഇന്ന് ശിശുദിനം. അത്ര അകലെയല്ലാത്ത പലസ്‌തീനിൽ, ചിരിമാത്രം നിറയേണ്ട മുഖങ്ങളിൽ, പിച്ചവയ്‌ക്കുന്ന പിഞ്ചുകാലടികളിൽ, മരണം ഈച്ചയാർക്കുകയാണ്. പച്ചമാംസങ്ങളിൽ മണ്ണ് പൊതിയുന്നു. പാൽമണക്കേണ്ട ചുണ്ടുകളിൽ രക്തമൊഴുകുന്നു. ആശുപത്രിക്കുള്ളിൽ നവജാതശിശുക്കൾ അരുംകൊല ചെയ്യപ്പെടുന്നു. അനസ്തേഷ്യ നൽകാതെ പച്ചമാംസം കീറിമുറിക്കേണ്ടി വരുന്നു. ഗാസയിൽ മാത്രം 4609 കുരുന്നുകളെയാണ് സയണിസ്‌റ്റ് ഭീകരത കൊന്നൊടുക്കിയത്. വർഗീയതയും വംശീയതയും വിതച്ച വിഷവിത്തുകൾ ഭീകരതാണ്ഡവമാടുകയാണവിടെ. ഇത് നമുക്കും പാഠമാണ്. ഒന്നുറപ്പ്, ചരിത്രം ഇവിടെ അവസാനിക്കില്ല, മാനവികതയുടെ തീപ്പന്തം പേറാൻ സാഹോദര്യത്തിന്റെ ചെറുകെെയുകൾ
ഉയരുകതന്നെ ചെയ്യും, തീർച്ച.