നിക്ഷേപിച്ച പണം തിരികെ കിട്ടാൻ സഹകരണ ബാങ്കിനുള്ളില്‍ സമരവുമായി സൈനികന്റെ ഭാര്യ

Share our post

നിക്ഷേപിച്ച തുക തിരികെ നൽകാത്തതിൽ പ്രതിഷേധിച്ച് വിമുക്തഭടന്റെ ഭാര്യ ഉതിമൂട് സർവീസ് സഹകരണ ബാങ്കിനുള്ളിൽ സമരം നടത്തി. ഒരുവർഷത്തിലേറെയായി നിരന്തരം കയറിയിറങ്ങിയിട്ടും പണം ലഭിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം. വിമുക്തഭടൻ റാന്നി ഉതിമൂട് മരുതനകാര്യാട്ട് പരേതനായ ചന്ദ്രശേഖരന്റെ ഭാര്യ തങ്കമണിയമ്മയാണ് ബാങ്കിൽ നിലത്തിരുന്ന് പ്രതിഷേധിച്ചത്.
ഒരുവർഷം മുമ്പും ഇവർ പ്രതിഷേധസമരം നടത്തിയിരുന്നു. വൈകാതെ പണം തിരികെ നൽകാമെന്ന ഉറപ്പിന്മേലാണ് അന്ന് മടങ്ങിയത്. എന്നാൽ, ഇതുവരെ പണം പൂർണമായി തിരികെ കിട്ടാത്തതിൽ പ്രതിഷേധിച്ചാണ് വീണ്ടും സമരം നടത്തിയത്. ഡിസംബർ 31-നുള്ളിൽ പണം നൽകുമെന്ന് പോലീസിന്റെ സാന്നിധ്യത്തിൽ നൽകിയ ഉറപ്പിന്മേലാണ് വൈകീട്ട് സമരം അവസാനിപ്പിച്ചത്.
വലിയ തുകകളുടെ വായ്പാതിരിച്ചടവ് മുടങ്ങിയതിനാലും നിക്ഷേപകർ പണം പിൻവലിക്കുകയും ചെയ്തതിനെ തുടർന്ന് കുറെക്കാലമായി ബാങ്ക് സാമ്പത്തിക പ്രതിസന്ധിയിലാണ്. രാവിലെ പത്ത് മണിക്ക്‌ ഇവർ ബാങ്കിലെത്തി പണം ആവശ്യപ്പെട്ടു. ലഭിക്കാത്തതിനെ തുടർന്ന് നിലത്ത് ഷീറ്റിട്ട് ഇരുന്നു. പണം കിട്ടാതെ മടങ്ങില്ലെന്ന നിലപാടിലായിരുന്നു അവർ. ഭിക്ഷയ്ക്കല്ല വന്നതെന്നും നിക്ഷേപിച്ച പണം തിരികെ വേണ്ടിയിട്ടാണ് വന്നതെന്നും ബാങ്ക് അധികാരികളോട് പറഞ്ഞു.
അഞ്ചുവർഷം മുമ്പാണ് ഇവർ ഇവിടെ പണം നിക്ഷേപിച്ചത്. പലിശയടക്കം 10 ലക്ഷം രൂപയോളം ലഭിക്കാനുണ്ടായിരുന്നു. ഇനിയും നാലരലക്ഷം രൂപ കൂടി കിട്ടാനുണ്ടെന്ന് തങ്കമണിയമ്മ പറഞ്ഞു. വീട് നിർമിക്കുന്നതിനായിട്ടാണ് പണം തിരികെ ചോദിക്കുന്നത്. വീട് പണി ഏറിയപങ്കും പൂർത്തിയായി. പണം നൽകാത്തതിനാൽ വീടിന്റെ താക്കോൽ ലഭിക്കുന്നില്ല. വീട് പണി നടക്കുമ്പോൾ പണം നൽകാമെന്ന ബാങ്കധികൃതരുടെ ഉറപ്പിന്മേലാണ് പണി തുടങ്ങിയത്. എന്നാൽ, ഇതുവരെ ലഭിച്ചിട്ടില്ല. മക്കളില്ലാത്ത ഇവർ ഇപ്പോൾ ബന്ധുവീട്ടിലാണ് കഴിയുന്നത്.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!