ലണ്ടന്‍ ടൂറിസം മേളയില്‍ മികച്ച പവിലിയനുള്ള പുരസ്‌കാരം കേരളത്തിന്

ലണ്ടനില്‍ സമാപിച്ച വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റിലെ (ഡബ്ല്യു.ടി.എം.) മികച്ച പവിലിയനുള്ള പുരസ്‌കാരം കേരള ടൂറിസത്തിന്. പുരസ്‌കാരം ഏറ്റുവാങ്ങിയ ടൂറിസം സെക്രട്ടറി കെ. ബിജുവിന്റെ നേതൃത്വത്തിലാണ് ഔദ്യോഗിക പ്രതിനിധി സംഘം ഡബ്ല്യു.ടി.എമ്മില്‍ പങ്കെടുത്തത്. കേരളത്തില്‍ നിന്നുള്ള 11 വ്യാപാര പങ്കാളികളും ഉണ്ടായിരുന്നു.
കേരളത്തിലെ ഉത്സവാഘോഷങ്ങളെ അടയാളപ്പെടുത്തുന്ന ‘ദി മാജിക്കൽ എവരി ഡേ’ എന്ന പ്രമേയത്തിൽ 126 ചതുരശ്ര മീറ്റർ സ്ഥലത്താണ് പവിലിയൻ സജ്ജീകരിച്ചിരുന്നത്. ഒരു ജോടി കൂറ്റൻ കെട്ടുകാളകളുടെ പ്രതിമ പവിലിയനെ ആകർഷകമാക്കി.
കേരളത്തെ അവതരിപ്പിക്കുന്ന കാർ ആൻഡ് കൺട്രിയുടെ അടുത്ത വീഡിയോയുടെ ട്രെയിലർ ലോഞ്ച് ഷോയും നടന്നു. 1976-ലെ എഫ് 1 ലോക ചാമ്പ്യനായ ജെയിംസ് ഹണ്ടിന്റെ മകനും പ്രൊഫഷണൽ റേസിങ് ഡ്രൈവറുമായ ഫ്രെഡി ഹണ്ടിനൊപ്പം മലയാളികളായ ദീപക് നരേന്ദ്രനും ആഷിഖ് താഹിറും വീഡിയോയിലുണ്ട്.