വെള്ളവും വൈദ്യുതിയും വൈകുന്നു; സ്മാർട്ടായില്ല കൊട്ടിയൂർ വില്ലേജ് ഓഫീസ്

കൊട്ടിയൂർ: ജില്ലയിലെ മിക്കയിടങ്ങളിലെയും സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം കഴിഞ്ഞിട്ടും കൊട്ടിയൂരിലെ പുതിയ വില്ലേജ് ഓഫീസ് കെട്ടിടം ഇപ്പോഴും ഉദ്ഘാടനം കാത്ത് കഴിയുകയാണ്. ഒരു വ്യക്തി സൗജന്യമായി നൽകിയ സ്ഥലത്ത് സംസ്ഥാന സർക്കാരിന്റെ സ്മാർട്ട് വില്ലേജ് പദ്ധതി പ്രകാരം 45 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ചതാണ് പുതിയ കെട്ടിടം. കെട്ടിടത്തിന്റെ മുഴുവൻ പ്രവൃത്തികളും പൂർത്തിയായതോടെ അനുവദിച്ച ഫണ്ട് തീർന്നു. എന്നാൽ വൈദ്യുതിയും വെള്ളവും എത്തിക്കുന്നതിന് തുക അനുവദിക്കാതിരുന്നതാണ് ഉദ്ഘാടനം വൈകാൻ കാരണം.
പണി പൂർത്തിയായി ഒമ്പത് മാസമാസത്തിലേറെയായിട്ടും നിലവിലെ പ്രതിസന്ധിക്ക് പരിഹാരമായില്ല. പുതിയ കെട്ടിടത്തിലേക്ക് വൈദ്യുതി കണക്ഷൻ നൽകുന്നതിന് 1.22 ലക്ഷത്തോളം രൂപയാണ് വേണ്ടത്. ഈ തുക പൊതുജനങ്ങളിൽ നിന്നും കണ്ടെത്തണമെന്നായിരുന്നു ഉന്നത ഉദ്യോഗസ്ഥർ ജനകീയ സമിതിയുടെ യോഗത്തിൽ വച്ച നിർദ്ദേശം. എന്നാൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നാട്ടുകാരിൽ നിന്ന് തുക പിരിച്ചെടുക്കുന്നത് അപ്രായോഗികമാണെന്നും സർക്കാർ തന്നെ തുക അനുവദിക്കണമെന്നും ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ തീരുമാനമെടുക്കുകയായിരുന്നു.
കെട്ടിട ഉദ്ഘാടനം ഉടനെയുണ്ടാകുമെന്ന് പറയുന്നതല്ലാതെ വൈദ്യുതിയും വെള്ളവും എത്തിച്ച് എന്നാണ് പ്രവർത്തനം ആരംഭിക്കുക എന്ന് കൃത്യമായി പറയാൻ അധികൃതർക്ക് കഴിയുന്നുമില്ല. വൈദ്യുതിയും വെള്ളവുമില്ലാത്തതിനാൽ വില്ലേജ് ഓഫീസ് ഉദ്ഘാടനം അനന്തമായി നീളുന്നത് റവന്യൂ മന്ത്രി കെ.രാജന്റെ ശ്രദ്ധയിലും പെടുത്തിയിരുന്നു. വൈദ്യുതിയും വെള്ളവുമെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇതിനായി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രിയും പറഞ്ഞിരുന്നു.
പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള കാലപ്പഴക്കം വന്ന കെട്ടിടത്തിലാണ് നിലവിലെ വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്. ജീർണിച്ചു തുടങ്ങിയതിനാൽ കോൺക്രീറ്റ് പാളികൾ ഇളകിയ നിലയിലുമാണ്.കാടുവെട്ടാനും വേണം നാട്ടുകാരുടെ ഫണ്ട്നിർമ്മാണം പൂർത്തിയായിട്ടും പ്രവർത്തനം തുടങ്ങാൻ വൈകുന്നതിനാൽ കെട്ടിടത്തിന് സമീപം കാട് കയറിയ നിലയിലാണ്. പണി പൂർത്തിയായി ഒരു മഴക്കാലവും കഴിഞ്ഞതിനാൽ ഉദ്ഘാടനത്തിന് മുമ്പ് ഇനി കാട് വെട്ടിത്തെളിക്കാനും പെയിന്റടിക്കാനുമുള്ള തുക കൂടി കണ്ടെത്തേണ്ട സ്ഥിതിയിലാണെന്ന് നാട്ടുകാർ പറയുന്നു.