സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി പിങ്ക് നിറമുള്ള ജലാശയം, പരിസ്ഥിതി സ്‌നേഹികള്‍ ആശങ്കയില്‍

സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമാകുന്നത് പിങ്ക് നിറത്തിലുള്ള ഒരു തടാകമാണ്. ഹവായിയിലെ കേലിയ തടാകത്തിലെ ജലമാണ് പിങ്ക് നിറമായി മാറിയത്. എന്നാല്‍ തടാകത്തിലെ പിങ്ക് നിറത്തില്‍ സന്തോഷിക്കേണ്ടതില്ലെന്നാണ് പരിസ്ഥിതി സ്‌നേഹികള്‍ പറയുന്നത്. പരിസ്ഥിതി മാറ്റങ്ങളുടെ സൂചനയാണ് ഈ പിങ്ക് നിറമെന്നാണ് വിലയിരുത്തല്‍. വിഷമയമായ ആല്‍ഗെയാകും നിറം മാറ്റത്തിന് പിന്നിലെ കാരണമെന്നാണ് അധികൃതര്‍ ആദ്യം വിലയിരുത്തിയത്. എന്നാല്‍ രണ്ടാഴ്ച നടത്തിയ തുടര്‍ച്ചയായ നിരീക്ഷണത്തിനൊടുവില്‍
ഹാലോബാക്ടീരിയയുടെ സാന്നിധ്യമാണ് പിങ്ക് നിറത്തിന് പിന്നിലെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. ഉയര്‍ന്ന അളവില്‍ ലവണാംശം ഉള്ള ജലാശയങ്ങളില്‍ കണ്ടുവരുന്ന ബാക്ടീരിയയാണിവ.
ഹാലോബാക്ടീരിയയുടെ സാന്നിധ്യമാണ് ജലാശയത്തിലുള്ളതെങ്കില്‍ പൊതുജനങ്ങള്‍ ഭയക്കേണ്ടതില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. മനുഷ്യശരീരത്തില്‍ എത്തിയാല്‍ ഇത്തരം സൂക്ഷ്മ ജീവികള്‍ക്ക് നില നില്‍ക്കാനാവില്ലെന്നും വിദഗ്ധര്‍ പറയുന്നു. എന്നാലും പൊതുജനങ്ങള്‍ ജലാശയത്തിലേക്ക് ഇറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. ജലാശയത്തില്‍ നിന്നും വളര്‍ത്തുമൃഗങ്ങള്‍ വെള്ളം കുടിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും നിര്‍ദേശമുണ്ട്. പ്രദേശത്ത് നിന്ന് മത്സ്യം പിടികൂടുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി. എന്നാല്‍ തടാകത്തിലെ പിങ്ക് നിറം ചുറ്റുമുള്ള ആവാസവ്യവസ്ഥയിലുണ്ടാക്കുന്ന മാറ്റം പരിസ്ഥിതി സ്‌നേഹികളെ ഭയപ്പെടുത്തുന്നുണ്ട്. അമിതമായ ലവണാംശം കാരണം ചുറ്റുമുള്ള ജീവിവിഭാഗത്തിനോ മറ്റാവശ്യങ്ങള്‍ക്കോ ജലം ഉപയോഗിക്കാനാവാത്ത സ്ഥിതിയാണ്. കൂടിയ ലവണാംശം മത്സ്യങ്ങളുടെ അതിജീവനത്തിനും വെല്ലുവിളിയാകുന്നുണ്ട്
സാധാരണയായി ജലാശയങ്ങള്‍ വറ്റുന്നതിന് മുന്‍പ് വെള്ളത്തിന്റെ നിറം ചുവപ്പാകാറുണ്ട്. എന്നാല്‍ കേലിയ തടാകത്തില്‍ ഇത്തരമൊരു പ്രതിഭാസത്തിന് സാധ്യതയുണ്ടോയെന്നതില്‍ വ്യക്തതയില്ല. യൂണിവേഴ്‌സിറ്റി ഓഫ് ഹവായി ഇതു സംബന്ധിച്ച കൂടുതല്‍ പഠനങ്ങള്‍ നടത്തിവരികയാണ്. വരുംദിവസങ്ങളില്‍ മഴ പെയ്യുകയാണെങ്കില്‍ ജലാശയത്തിലെ ലവണാംശം കുറയുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. സ്‌പെയിന്‍, സെനഗല്‍, അസര്‍ബൈജാന്‍ പോലുള്ള രാജ്യങ്ങളിലും ലവണാംശം കൂടിയ ജലാശയങ്ങള്‍ പിങ്ക് നിറമായി തീര്‍ന്നിട്ടുണ്ട്. വരണ്ട സാഹചര്യങ്ങളിലാണ് ഈ പ്രതിഭാസം പൊതുവില്‍ കാണപ്പെടുന്നതെങ്കിലും ഹവായി ഒരു വരണ്ട പ്രദേശമല്ല എന്നതാണ് പരിസ്ഥിതി പ്രവര്‍ത്തകരെ ആശങ്കയിലാക്കുന്നത്. കേലിയ പോണ്ട് നാഷണല്‍ വൈല്‍ഡ്‌ലൈഫ് റെഫ്യൂജി ജീവനക്കാര്‍ തടാകം നിരീക്ഷിച്ചു വരികയാണ്.