ബസ് ഡ്രൈവറുടെ മരണം; അന്വേഷണം വേണമെന്ന് കുടുംബവും നാട്ടുകാരും

Share our post

ചമ്പാട് : ബസ് ഡ്രൈവർ പന്ന്യന്നൂർ മനേക്കരയിലെ പുതിയവീട്ടിൽ കെ.ജിജിത്ത് (45) പുന്നോൽ പെട്ടിപ്പാലത്തിനടുത്ത് തീവണ്ടി തട്ടി മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബവും നാട്ടുകാരും. മരണകാരണം ഒരുസംഘം ആളുകളുടെ മർദനമാണെന്നാണ് പരാതി. ജിജിത്തിന്റെ അമ്മാവന്റെ മകൻ ശിവപുരം അയ്യല്ലൂരിലെ ചൂളയാടൻ വീട്ടിൽ കെ.ജീജിത്താണ് തലശ്ശേരി സബ് ഡിവിഷൻ പോലീസ് ഓഫീസർക്ക് പരാതി നൽകിയത്.

മരണത്തിൽ സംശയമുണ്ടെന്നും മർദനമേറ്റതാണ് മരണകാരമെന്ന് സംശയിക്കുന്നതായും കാണിച്ച് എൻ.പി.മുകുന്ദൻ മുതൽ 12 പേർ ഒപ്പിട്ട് മനേക്കര നിവാസികളും പോലീസിൽ പരാതി നൽകി.

തീവണ്ടിതട്ടി മരിച്ച സംഭവത്തിൽ അസ്വാഭാവികമരണത്തിന് ന്യൂമാഹി പോലീസ് കേസെടുത്തു.

പുന്നോൽ പെട്ടിപ്പാലത്ത് ശനിയാഴ്ച വൈകിട്ട് 6.15-ഓടെ വടകരയിൽനിന്ന് തലശ്ശേരിയിലേക്ക് പോകുകയായിരുന്ന ശ്രീഭഗവതി ബസിടിച്ച് കാൽനടയാത്രക്കാരന് പരിക്കേറ്റിരുന്നു.

ഇതിനെത്തുടർന്നുണ്ടായ സംഘർഷത്തിനിടയിൽ രക്ഷപ്പെടാൻ ശ്രമിച്ച കണ്ടക്ടർ ബിജീഷിനെ നാട്ടുകാർ ഓടിച്ചിട്ടു തല്ലി. മർദനത്തിൽ രക്ഷപ്പെടാൻ റെയിൽപ്പാളം മുറിച്ചുകടക്കുമ്പോഴാണ് ജിജിത്ത് തീവണ്ടിതട്ടി മരിച്ചത്.

ആൾക്കൂട്ട ആക്രമണത്തിൽ മർദനമേറ്റ കണ്ടക്ടറുടെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ബസ് തട്ടി പരിക്കേറ്റ പെട്ടിപ്പാലം കോളനിയിലെ മത്സ്യത്തൊഴിലാളി മുനീർ തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.

സഹപ്രവർത്തകന്റെ മരണത്തിൽ അനുശോചിച്ച് തലശ്ശേരി-വടകര റൂട്ടിൽ ഞായറാഴ്ച സ്വകാര്യ ബസുകൾ ഓടിയില്ല.

ജിജിത്തിന്റെ മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മനേക്കര കൈരളി ബസ് സ്റ്റോപ്പിനടുത്തുള്ള വീട്ടുവളപ്പിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഞായറാഴ്ച വൈകിട്ട് സംസ്കരിച്ചു.

പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എ.ശൈലജ, പഞ്ചായത്ത് പ്രസിഡന്റ്‌ സി.കെ.അശോകൻ, തലശ്ശേരി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡൻറും ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻറുമായ കെ.വേലായുധൻ, ബി.ജെ.പി. ജില്ലാ പ്രസിഡന്റ്‌ എൻ.ഹരിദാസ് എന്നിവർ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!